| Sunday, 8th November 2026, 11:56 am

എന്നെ പിന്തുണച്ച് എനിക്കൊപ്പം നില്‍ക്കൂ; അറബ് പാര്‍ട്ടികളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാര്‍ രാജ്യത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കും: നെതന്യാഹു

നിഷാന. വി.വി

ജെറുസലേം: പ്രതിപക്ഷ പാര്‍ട്ടികളും അറബ് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം രാജ്യത്തെ തകര്‍ക്കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പിന് പിന്നാലെ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണയുള്ള ഐസന്‍കോട്ടിനെ പ്രസിഡന്റ് ക്ഷണിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ പരാമര്‍ശം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിക്കുന്നത് പോലെ ഇസ്‌ലാമിസ്റ്റുകളെ ആശ്രയിച്ചുള്ള ഇത്തരം സര്‍ക്കാരുകള്‍ ഇസ്രഈലിനെ രാജ്യത്തിനുള്ളില്‍ നിന്ന് തകര്‍ക്കുമെന്നും അവിടുത്തേതിനാല്‍ മോശം അവസ്ഥയിലേക്ക് നയിക്കുമെന്നും നെതന്യാഹു പറഞ്ഞു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത് പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പ്രതിപക്ഷ സഖ്യത്തെ പിന്തുണയ്ക്കുന്ന അറബ് നേതാക്കളായ മന്‍സൂര്‍ അബ്ബാസ്, അഹമ്മദ് തിബി എന്നിവര്‍ ഹമാസിനെ അനുകൂലിക്കുന്നവരും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ തന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് എല്ലാ സയണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

അതേസമയം മുന്‍ സൈനിക മേധാവിയും ‘യാഷര്‍’ പാര്‍ട്ടി നേതാവുമായ ഗാഡി ഐസന്‍കോട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. അറബ് പാര്‍ട്ടിയായ ‘റാം’ ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷം പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, 67 നിയമസഭാംഗങ്ങളുടെ ശുപാര്‍ശ ലഭിച്ച ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചുമതല നല്‍കുന്നതാണ് യുക്തിസഹമെന്ന് സൂചിപ്പിച്ചിരുന്നു. നെതന്യാഹുവിന്റെ ബ്ലോക്കിന് 46 പേരുടെ പിന്തുണ മാത്രമാണുള്ളത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കുമെന്ന വിവരം ഇന്ന് വൈകുന്നേരത്തോടെ അറിയിക്കാമെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഇനി അടുത്ത 28 ദിവസത്തിനകം ഐസന്‍കോട്ടിന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിന് സാധിക്കാതെ വന്നാല്‍ പ്രസിഡന്റിന് 14 ദിവസം കൂടി സമയം നീട്ടിനല്‍കാം.

Content Highlight: Support me and stand by my side; a government that joins hands with Arab parties will destroy the country from within: Netanyahu

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more