മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ ചില വിഷയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതില്‍ അന്തിമ തീരുമാനം വരാനുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നതായും റസാഖ് പാലേരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫില്‍ അസ്സോസിയേറ്റ് മെമ്പറാക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ചര്‍ച്ചയിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ യു.ഡി.എഫ് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും റസാഖ് പാലേരി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് പകരം വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു. മറ്റ് പല പാര്‍ട്ടികളും പിന്തുണക്കായി സമീപിച്ചിരുന്നെന്നും റസാഖ് പറയുന്നു. എന്നാല്‍ ഈ പാര്‍ട്ടികളുടെ പേരുകള്‍ റസാഖ് പാലേരി വെളിപ്പെടുത്തിയിട്ടില്ല.
ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിയോജിപ്പാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നതിന് കാരണമെന്നും 2019 മുതല്‍ യു.ഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
ജൂണ്‍ 19ന് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കും. 23നാണ് വോട്ടെണ്ണല്‍. യു.ഡി.എഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, ഇടത് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ എം.എല്‍.എയുമായ പി.വി. അന്‍വര്‍, എസ്.ഡി.പി.ഐയുടെ സാദിഖ് നടുത്തൊടി, ബി.ജെ.പിയുടെ അഡ്വ. മോഹൻ ജോർജ് തുടങ്ങിയവരാണ് നിലമ്പൂരില്‍ ജനവിധി തേടുന്നത്. പി.വി. അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlight: Support for Aryadan Shoukath; Welfare Party wants associate member position in UDF, report says