രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ ഡബിള്‍ സെഞ്ച്വറിയടിച്ച് സൂപ്പര്‍ താരം സര്‍ഫറാസ് ഖാന്‍. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 219 പന്തില്‍ നിന്നാണ് സര്‍ഫറാസ് 227 റണ്‍സ് നേടിയത്. 19 ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്. 206 പന്തില്‍ നിന്നാണ് താരം ഡബിള്‍ ടോണ്‍ നേടിയത്.
ഇതോടെ ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും വലിയ മുന്നറിയിപ്പാണ് സര്‍ഫറാസ് നല്‍കിയത്.
മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടും സര്‍ഫറാസിനെ ടീമിലെടുക്കാതെ അവഗണിക്കുകയായിരുന്നു മാനേജ്‌മെന്റ്. നിലവില്‍ ആഭ്യന്തരമത്സരങ്ങളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് വീണ്ടും തന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നതില്‍ സര്‍ഫറാസ് വിജയിച്ചിരിക്കുകയാണ്.
2024 നവംബറില്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം സര്‍ഫറാസ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. മത്സരത്തില്‍ താരം പൂജ്യം റണ്‍സിന് പുറത്തായെങ്കിലും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 11 ഇന്നിങ്‌സില്‍ നിന്ന് 371 റണ്‍സാണ് താരം നേടിയത്. 37.10 എന്ന ആവറേജില്‍ ബാറ്റ് ചെയ്യുന്ന സര്‍ഫറാസിന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമുണ്ട്.
അതേസമയം നിലവില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സ് നേടാന്‍ മുംബൈക്ക് സാധിച്ചു. സര്‍ഫറാസിന് പുറമെ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സിദ്ദേഷ് ലാഡാണ്. 179 പന്തില്‍ നിന്ന് 104 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ഏഴാമനായി ഉറങ്ങിയ സുവേദ് പാര്‍ക്കര്‍ 75 റണ്‍സും നേടി മികവ് പുലര്‍ത്തി.
ഹൈദരാബാദിന് വേണ്ടി നിലവില്‍ സി.എല്‍.ടി രക്ഷന്‍ മൂന്ന് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയിരുന്നു. രോഹിത് റായിഡു രണ്ട് വിക്കറ്റും നിതിന്‍ സായ് മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.