| Tuesday, 14th April 2026, 3:45 pm

'അവിശ്വസനീയമായ അനുഭവം'; വമ്പന്‍ നേട്ടത്തില്‍ സഞ്ജു സാംസണ്‍

ശ്രീരാഗ് പാറക്കല്‍

മാര്‍ച്ച് മാസത്തിലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. 2026 ലെ ടി-20 ലോകകപ്പില്‍ കാഴ്ചവെച്ച ഐതിഹാസികമായ പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവിന് ഈ ബഹുമതി ലഭിച്ചത്. ലോകകപ്പിലെ നിര്‍ണായക ഘട്ടത്തില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചതില്‍ വലിയ പങ്കാണ് സഞ്ജു വഹിച്ചത്.

പുരസ്‌കാരത്തിന് അര്‍ഹനായ ശേഷം സഞ്ജു സംസാരിച്ചിരുന്നു. ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണെന്ന് സഞ്ജു പറഞ്ഞു.

സഞ്ജു സാംസണ്‍

‘ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിച്ചത്.

പുരുഷ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ പങ്കുചേരുക എന്നത് യഥാര്‍ത്ഥത്തില്‍ ഒരു സ്വപ്‌നമായിരുന്നു, ആ നിമിഷത്തിന്റെ വ്യാപ്തി പൂര്‍ണമായും മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു,’ സാംസണ്‍ പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി വെറും അഞ്ച് മത്സരം കൊണ്ട് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കാന്‍ സാധിച്ച താരമാണ് സഞ്ജു സാംസണ്‍. ഫൈനല്‍ ഉള്‍പ്പെടെ നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ 97*, 89, 89 എന്നിങ്ങനെ വമ്പന്‍ പ്രകടനമാണ് സഞ്ജു തിരിച്ചുവരവില്‍ കാഴ്ചവെച്ചത്.

അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും ല്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്.സഞ്ജു സാംസണ്‍

അതേസമയം നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിക്കെതിരെ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജു ദല്‍ഹിക്കെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു ചെപ്പോക്കില്‍ താണ്ഡവമാടിയത്. നേരിട്ട 52ാം പന്തിലായിരുന്നു സഞ്ജു ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം.

Content Highlight: Superstar Sanju Samson wins ICC Player of the Month award for March

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more