| Tuesday, 29th September 2026, 11:54 am

'സൂപ്പര്‍ ശരണ്യ എനിക്ക് കണ്ടിരിക്കാന്‍ പറ്റില്ല; മര്യാദയ്ക്ക് സ്‌ക്രിപ്റ്റ് റിവ്യൂ പോലും ചെയ്യാന്‍ കഴിയാതിരുന്ന സിനിമയാണ്: ഗിരീഷ് എ.ഡി

ആര്യ.പി

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘ഐ ആം കാതലന്‍’, ‘പ്രേമലു’ തുടങ്ങിയ സിനിമകളിലൂടെ യുവതലമുറയുടെ കഥകളെ സ്വാഭാവികമായ നര്‍മത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ഗിരീഷ് എ.ഡി.

യുവതലമുറയുടെ ജീവിതവും സൗഹൃദങ്ങളും പ്രണയവുമെല്ലാം സ്വാഭാവികമായ നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ഗിരീഷിന്റെ സിനിമകളുടെ പ്രത്യേകത.

പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിലേക്ക് ഗിരീഷ് എ.ഡി എത്തുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തോടെ മലയാളത്തിലെ സക്‌സസ് ഡയറക്ടേഴ്‌സ് ലിസ്റ്റിലേക്ക് കടന്നിരിക്കുകയാണ് ഗിരീഷ്.

എന്നാല്‍ സ്വന്തം സിനിമകള്‍ റിലീസ് ചെയ്തുകഴിഞ്ഞാല്‍ അവ വീണ്ടും കണ്ട് ആസ്വദിക്കുന്ന കാര്യത്തില്‍ തനിക്ക് അത്ര താത്പര്യമില്ലെന്നാണ് ഗിരീഷ് പറയുന്നത്. ചില സിനിമകള്‍ കാണുമ്പോള്‍ ഇനിയും പലതും മാറ്റാമായിരുന്നുവെന്ന ചിന്തയാണ് ഉണ്ടാകുന്നതെന്നും ഗിരീഷ് ഹോളിവിഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സ്വന്തം സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്നും സിനിമകള്‍ വീണ്ടും കാണാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗിരീഷ് എ.ഡി.

സ്വന്തം സിനിമകള്‍ കാണുമ്പോള്‍ ‘ഇത് കുറച്ചുകൂടി വേറെ രീതിയില്‍ ചെയ്യാമായിരുന്നല്ലോ’ എന്ന ചിന്തയാണ് പലപ്പോഴും ഉണ്ടാകുന്നതെന്ന് ഗിരീഷ് പറഞ്ഞു. പ്രത്യേകിച്ച് ‘സൂപ്പര്‍ ശരണ്യ’ വീണ്ടും കാണാന്‍ തനിക്ക് കഴിയാറില്ലെന്നും അതിന് പ്രധാന കാരണം സിനിമയുടെ എഴുത്തില്‍ സംഭവിച്ച പിഴവുകളാണെന്നും ഗിരീഷ് വ്യക്തമാക്കി.

‘സ്വന്തം സിനിമകള്‍ കണ്ട് റിലാക്സ് ചെയ്യാനൊന്നും പറ്റാറില്ല. കാണുമ്പോള്‍ അയ്യോ, ഇത് എന്താണ് ഇങ്ങനെ, കുറച്ചുകൂടി വേറെ രീതിയില്‍ ചെയ്യാമായിരുന്നല്ലോ, ദൈവമേ കണ്ടിരിക്കാന്‍ പറ്റുന്നില്ലല്ലോ എന്നൊക്കെ തോന്നും. സൂപ്പര്‍ ശരണ്യ എനിക്ക് കണ്ടിരിക്കാന്‍ പറ്റില്ല. ബാക്കിയെല്ലാ പടങ്ങളും എനിക്ക് കണ്ടിരിക്കാന്‍ പറ്റും. കാരണം ആ സിനിമയുടെ എഴുത്തില്‍ വന്ന ഭയങ്കര പ്രശ്നങ്ങളുണ്ട്’, ഗിരീഷ് എ.ഡി പറഞ്ഞു.

സൂപ്പർ ശരണ്യ,ഗിരീഷ് എ.ഡി. Photo. IMDb

കൃത്യമായ രീതിയില്‍ സ്‌ക്രിപ്റ്റ് റിവ്യൂ ചെയ്യാതിരുന്നതിന്റെ പ്രശ്നങ്ങള്‍ ‘സൂപ്പര്‍ ശരണ്യ’യിലുണ്ടെന്നും സംവിധായകന്‍ തുറന്നുപറഞ്ഞു. സിനിമയിലെ ചില പോരായ്മകള്‍ പിന്നീട് തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

മര്യാദയ്ക്ക് ഒരു സ്‌ക്രിപ്റ്റ് റിവ്യൂവൊന്നും ചെയ്യാത്തതിന്റെ പ്രശ്നങ്ങള്‍ അതിലുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമ എനിക്ക് ഭയങ്കര വീക്കായി തോന്നുന്ന പടമാണ്. കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ‘സൂപ്പര്‍ ശരണ്യ’ ചെയ്തതെന്നും ഗിരീഷ് ഓര്‍ത്തെടുത്തു.

സിനിമയെന്ന നിലയില്‍ തനിക്ക് പൂര്‍ണ സംതൃപ്തി നല്‍കാത്ത ചിത്രമാണെങ്കിലും ‘സൂപ്പര്‍ ശരണ്യ’ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്നും ഗിരീഷ് പറഞ്ഞു. മികച്ച സാധ്യതയുള്ള ഒരു വിഷയമായിരുന്നു സിനിമയുടേതെന്നും അതിന്റെ പകുതിപോലും സിനിമയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇപ്പോഴും തന്റെ നിരാശയെന്നും അദ്ദേഹം പറഞ്ഞു.

‘ഫണ്ണിയായ കുറേ കാര്യങ്ങള്‍ ആ സിനിമയിലുണ്ട്. പക്ഷേ ഒരു സിനിമയെന്ന നിലയില്‍ എനിക്ക് ഒട്ടും സാറ്റിസ്ഫാക്ഷന്‍ ഇല്ല. നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള സബ്ജക്ടായിരുന്നു. അതിന്റെ പകുതി പോലും എത്തിയില്ല എന്നൊരു കാര്യം എപ്പോഴും എനിക്ക് റിഗ്രേറ്റ് അടിക്കാറുണ്ട്. ആ സിനിമ ഇഷ്ടമുള്ള ആള്‍ക്കാരുണ്ട്. പക്ഷേ എനിക്ക് ഭയങ്കര വീക്കായി തോന്നുന്ന പടമാണ്’, ഗിരീഷ് എ.ഡി പറഞ്ഞു.

അതേസമയം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ പോലുള്ള സിനിമകള്‍ വീണ്ടും കാണാന്‍ കഴിയുന്ന ചിത്രങ്ങളാണെന്നും സംവിധായകന്‍ പറഞ്ഞു. സ്വന്തം സിനിമകളില്‍ തനിക്ക് സന്തോഷം തോന്നുന്ന ഓര്‍മകളെക്കുറിച്ചും ഗിരീഷ് സംസാരിച്ചു.

പ്രേമലു’വിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചതും കാറിനുള്ളിലെ ചര്‍ച്ചയും കൊല്ലാന്‍ വരുന്ന സമയത്ത് പ്രണയം പറയുന്ന രംഗവുമെല്ലാം എനിക്ക് ഇഷ്ടപ്പെട്ടതാണ്. ആ രംഗങ്ങള്‍ ചിത്രീകരിച്ച സമയത്തെ അനുഭവങ്ങള്‍ ഓര്‍ക്കുന്നത് ഇപ്പോഴും സന്തോഷം നല്‍കുന്നുണ്ടെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

Content Highjlight: Super Sharanya’ is a film I can’t sit through; I couldn’t even properly review the script says Girish A.D

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more