ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. സീസണിന് മുന്നോടിയായി താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.എല്‍ ക്ലബ്ബുകള്‍. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും പുതിയ സീസണിന് ഒരുങ്ങുകയാണ്. എന്നാല്‍ സീസണ്‍ തുടങ്ങാനിരിക്കെ ബ്ലാസ്‌റ്റേഴ്‌സിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തെ പുതിയ ഹോം ഗ്രൗണ്ടായി പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍ ലീഗ് കേരള ക്ലബ്ബായ ഫോഴ്‌സ കൊച്ചി. ഈ സീസണില്‍ കൊച്ചി ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തിലായിരിക്കും പന്തുതട്ടുക.
സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയാണ് സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ നടക്കുന്നത്. ഐ.എസ്.എല്‍ ഒക്ടോബര്‍ പത്തിനും ആരംഭിക്കുന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയില്‍ കളിക്കണമെങ്കില്‍ ഫോഴ്‌സ കൊച്ചിയുടെ ഷെഡ്യൂളും നോക്കേണ്ടി വരും. സൂപ്പര്‍ ലീഗ് കേരള അവസാനിക്കുന്നത് വരെ സ്‌റ്റേഡിയത്തെ സംബന്ധിച്ചുള്ള ഈ വെല്ലുവിളി ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നില്‍ നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിട്ട് മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം പുതിയ തട്ടകമാക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. കൊച്ചി സ്‌റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മില്‍ സമീപ കാലങ്ങളില്‍ വലിയ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. ഗ്രൗണ്ടിന്റെ വാടക തുകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണില്‍ ജി.സി.ഡി.എയുമായി മാനേജ്‌മെന്റിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ സീസണിലെ ടീമിന്റെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രെസ് കോണ്‍ഫറന്‍സ് നടത്താന്‍ ജി.സി.ഡി.എ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ പ്രശ്‌നങ്ങളും ഫോഴ്‌സ കൊച്ചി കലൂര്‍ സ്‌റ്റേഡിയം പുതിയ ഹോം ഗ്രൗണ്ടായി പ്രഖ്യാപിച്ചതും ബ്ലാസ്‌റ്റേഴ്‌സിനെ പുതിയ ഹോം ഗ്രൗണ്ട് തേടാന്‍ നിര്‍ബന്ധിതരാക്കാനുള്ള സാധ്യതകളുമുണ്ട്.
സ്‌റ്റേഡിയത്തിന് നല്‍കേണ്ട വാടക തുക കലൂര്‍ സ്‌റ്റേഡിയത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പയ്യനാട് സ്‌റ്റേഡിയത്തില്‍ കുറവാണ്. 30,000 കാണികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്‌റ്റേഡിയമാണ് പയ്യനാടിലേത്. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിട്ട് മലബാറിലേക്ക് എത്തുകയാണെങ്കില്‍ സ്‌റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്.
Content Highlight: Super League Kerala club Forca Kochi has announced the Jawaharlal Nehru Stadium in Kochi, the home ground of Kerala Blasters, as its new home ground