മാര്‍വല്‍ കോമിക്‌സിന്റെ ചിരവൈരികളാണ് ഡി.സി. കോമിക്‌സിന്റെ കാര്യത്തില്‍ പലപ്പോഴും മാര്‍വലിനെ കടത്തിവെട്ടുന്ന ഡി.സിക്ക് ആ ആധിപത്യം സിനിമയില്‍ പുലര്‍ത്താന്‍ സാധിക്കാറില്ല. ഒരുകാലത്ത് ഡി.സിക്കുണ്ടായിരുന്ന പ്രതാപം ഇന്ന് അതിന്റെ മോശം അവസ്ഥയിലാണ്. വന്‍ ഹൈപ്പില്‍ പുറത്തിറക്കുന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ നിലംപതിക്കുന്നത് സ്ഥിരം കാഴ്ചയായി മാറി.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഗേള്‍ ഡി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ വെറും 115 മില്യണ്‍ മാത്രമാണ് നേടിയത്. 170 മില്യണ്‍ ചെലവഴിച്ച് ഷൂട്ട് ചെയ്ത, 120 മില്യണ്‍ ചെലവഴിച്ച് മാര്‍ക്കറ്റ് ചെയ്ത സൂപ്പര്‍ ഗേള്‍ വലിയ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് സമ്മാനിച്ചത്.
80 മുതല്‍ 120 മില്യണ്‍ വരെയുള്ള നഷ്ടമാകും ചിത്രം ഡി.സിക്ക് നല്‍കുകയെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സമീപകാലത്ത് ഏറ്റവും വലിയ പരാജയം ഡി.സിക്ക് സമ്മാനിച്ച ചിത്രമായി സൂപ്പര്‍ഗേള്‍ മാറി. മാര്‍വലില്‍ നിന്ന് ജെയിംസ് ഗണ്ണിനെ ഡി.സി റാഞ്ചിയതോടെ നല്ലകാലം ആരംഭിച്ചെന്ന് കരുതിയ ആരാധകര്‍ക്ക് തിരിച്ചടിയാണ് ഈ ബോക്‌സ് ഓഫീസ് റിസള്‍ട്ടുകള്‍.
സാക്ക് സ്‌നൈഡറുമായി ഉടക്കിയതും അയാള്‍ ഡി.സിയെ ഉപേക്ഷിച്ചതും ഒരുവിഭാഗം ആളുകള്‍ക്ക് നിരാശ നല്‍കിയിരുന്നു. സ്‌നൈഡറിന്റെ വിഷനുമായി ഡി.സി ഒത്തുപോകാത്തത് വലിയ വാര്‍ത്തയായിരുന്നു. സ്‌നൈഡറിന്റെ ഡാര്‍ക്ക് തീം സിനിമകളില്‍ നിന്ന് ജെയിംസ് ഗണ്ണിന്റെ കളര്‍ഫുള്‍ തീമിലേക്കുള്ള മാറ്റം പലര്‍ക്കും പെട്ടെന്ന് അംഗീകരിക്കാനായില്ല.
ജെയിംസ് ഗണ്‍, സാക്ക് സ്‌നൈഡര്‍ Photo: Wikipedia
വന്‍ ഹൈപ്പിലെത്തിയ ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ പോലും ബോക്‌സ് ഓഫീസില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഡി.സി തിരിച്ചുവരികയാണെന്ന തോന്നല്‍ ആരാധകര്‍ക്ക് സമ്മാനിച്ച് കൊതിപ്പിച്ച് കടന്നുകളഞ്ഞിരിക്കുകയാണ്. സൂപ്പര്‍ഗേള്‍ കൂടി പരാജയപ്പെട്ടതോടെ അടുത്തെങ്ങും ഡി.സി തിരിച്ചുവരാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.
മാറ്റ് റീവ്‌സ് ഒരുക്കുന്ന ബാറ്റ്മാന്‍ 2ലാണ് ഇനി പ്രതീക്ഷ. 2022ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും. ഇതുവരെ കാണാത്ത വ്യത്യസ്ത സ്‌റ്റൈലിലാകും ബാറ്റ്മാനെ മാറ്റ് റീവ്‌സ് അവതരിപ്പിക്കുക.
Content Highlight: Super Girl movie makes a loss of 120 million for D C studios