| Saturday, 18th April 2026, 4:03 pm

മുന്‍ മുംബൈ താരത്തെ റാഞ്ചി ഹൈദരാബാദ്; ഇനി കളി കാര്യമാവും!

സുദേവ് എ

2026 ഐ.പി.എല്ലില്‍ പരുക്കേറ്റ ടിം പെയ്നിന്റെ പകരക്കാരനായി സൗത്ത് ആഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്‌സിയെ ടീമിലെത്തിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കണങ്കാലിനേറ്റ പരിക്കിന് പിന്നാലെയാണ് പെയ്ന്‍ ഐ.പി.എല്ലില്‍ നിന്നും പുറത്തായത്. സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പെയ്ന്‍ ഹൈദരാബാദിന് വേണ്ടി കളത്തിലിറങ്ങിയത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രണ്ട് വിക്കറ്റുകളും താരം നേടിയിരുന്നു.

പെയ്‌നിന് പകരം ഓറഞ്ച് ആര്‍മി സ്വന്തമാക്കിയ കോട്‌സി ഇതിന് മുമ്പും ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്കായാണ് താരം കളത്തിലിറങ്ങിയത്. 2024 സീസണില്‍ 13 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പിന്നീട് 2025ല്‍ കോട്‌സി ഗുജറാത്തിലേക്ക് ചേക്കേറി.

കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് താരം ഗുജറാത്തിനായി കളിച്ചത്. മെഗാ ലേലത്തില്‍ ഒരു ടീമും കോട്‌സിയെ സ്വന്തമാക്കിയിരുന്നില്ല. സൗത്ത് ആഫ്രിക്കക്ക് വേണ്ടി 18 ടി-20 മത്സരങ്ങളിലാണ് കോട്‌സി കളത്തിലിറങ്ങിയിട്ടുള്ളത്. 22 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. കോട്‌സിയുടെ വരവ് ഹൈദരാബാദിന് കൂടുതല്‍ കരുത്തുപകരുമെന്നുറപ്പാണ്.

അതേസമയം ഓസീസ് താരം പാറ്റ് കമ്മിന്‍സ് വൈകാതെ ഹൈദരാബാദിനൊപ്പം ടീമിലെത്തും. ഐ.പി.എല്ലില്‍ കളിക്കാന്‍ താരത്തിന് ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് കമ്മിന്‍സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തുക. നിലവില്‍ മികച്ച ബൗളിങ് പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവെക്കുന്നത്. പ്രഫുല്‍ ഹിംഗെ, സാകിബ് ഹുസൈന്‍ തുടങ്ങിയ യുവ താരങ്ങള്‍ക്കൊപ്പം കമ്മിന്‍സും കോട്‌സിയുമെത്തുമ്പോള്‍ ടീം ബൗളിങ് യൂണിറ്റ് ശക്തമായി മാറും.

നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും മൂന്ന് തോല്‍വിയും അടക്കം നാല് പോയിന്റാണ് ഇഷാന്‍ കിഷന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്. ഹൈദരാബാദ് ഇന്നാണ് തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സാണ് ഓറഞ്ച് ആര്‍മിയുടെ എതിരാളികള്‍.

മറുഭാഗത്ത് ഐ.പി.എല്ലില്‍ ഹാട്രിക് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് ചെന്നൈ . ദല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും വീഴ്ത്തിയ സി.എസ്.കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഹാട്രിക് വിജയമായിരിക്കും ലക്ഷ്യം വെക്കുക.

Content Highlight: Sunrisers Hyderabad Sig n Gerald Cotzee Replacement of Tim Peyne

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more