| Friday, 3rd April 2026, 8:44 am

പടയോട്ടത്തില്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ഹൈദരാബാദ്; ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബെംഗളൂരുവും പഞ്ചാബും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 2) നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 65 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 16 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു കൊല്‍ക്കത്ത.

വെടിക്കെട്ട് ബാറ്റിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്തിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഹൈദരാബാദിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 225+ റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കുന്ന ടീമെന്ന നേട്ടത്തില്‍ മുന്നേറാനാണ് ഉദയസൂര്യന്‍മാര്‍ക്ക് സാധിച്ചത്. ഈ റെക്കോഡ് ലിസ്റ്റിലെ റെയ്‌സിങ്ങില്‍ ഹൈദരാബാദിന് തൊട്ട് പിന്നിലായി ഡിഫന്റിങ് ചാമ്പ്യന്‍മാരായ ബെംഗളൂരുവും പഞ്ചാബുമുണ്ട്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 225+ റണ്‍സിന്റെ ടോട്ടല്‍ നേടുന്ന ടീം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 10

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 8

പഞ്ചാബ് കിങ്‌സ് – 8

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 5

മുംബൈ ഇന്ത്യന്‍സ് – 5

ഗുജറാത്ത് ടൈറ്റന്‍സ് – 4

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 4

ദല്‍ഹി ക്യാപിറ്റല്‍സ് – 3

രാജസ്ഥാന്‍ റോയല്‍സ് – 2

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 29 പന്തില്‍ 52 റണ്‍സ് നേടിയ അംകൃഷ് രഘുവാംശിയാണ്. മധ്യ നിരയില്‍ റിങ്കു സിങ് 35 റണ്‍സ് നേടിയും മടങ്ങി. ടീമിന് വേണ്ടി വെടിക്കെട്ട് തുടക്കം നല്‍കിയത് ഏഴ് പന്തില്‍ 28 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലനാണ്. രണ്ട് സിക്‌സും നാല് ഫോറുമാണ് അലന്‍ അടിച്ചെടുത്തത്. 400.0 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിവി താരത്തിന്റെ ബാറ്റിങ്.

ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഈഷന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ഷ് ദുബെ ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ ഹൈദരാബാദിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും കാഴ്ചവെച്ചത്. 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയാണ് താരം പുറത്തായത്. 219.05 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കാര്‍തിക് ത്യാഗിക്കാണ് വിക്കറ്റ്.

അഭിഷേക് 21 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 228.57 എന്ന സ്ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ബാറ്റിങ്. ടീമിന്റെ ടോപ് സ്‌കോറര്‍ ഹെന്റിച്ച് ക്ലാസനാണ്. 35 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. ആറാമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി 24 പന്തില്‍ 39 റണ്‍സും നേടി.

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലസിങ് മുസാരബാനിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാര്‍തിക് ത്യാഗി, അനുകുല്‍ റോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Sunrisers Hyderabad In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more