മലയാള സിനിമയിൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ൻ, ഹീറോയായി മാത്രമല്ല വിവിധ ക്യാരക്ടർ റോളുകളിലൂടെയും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച നടനാണ്. താരം അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസിൽ നില നിൽക്കുന്നവയാണ്. അതിൽ പ്രത്യേകിച്ച് ‘സാത്താൻ സേവിയർ’ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ ആട് 3 റിലീസായതോടെ സാത്താൻ സേവിയർ വീണ്ടും ചർച്ചയാവുകയാണ്. ചിത്രത്തിൽ ഈ കഥാപാത്രത്തിന് ലഭിച്ച ഇൻട്രോ തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ തന്നെ മൂന്നാം ഭാഗത്തിലും സണ്ണി വെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
സണ്ണി വെയ്ൻ,, Photo: Sunny Wayne/ Facebook
എന്നാൽ, ചിത്രത്തിൽ സാത്താൻ സേവിയറിന്റെ മറ്റൊരു മുഖമായ വാൾട്ടർ ജോസഫ് എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇംഗ്ലീഷ് കലർന്ന മലയാളം സംസാരശൈലി ചില പ്രേക്ഷകർക്ക് അത്ര പിടിച്ചില്ലെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്. ‘പച്ച മലയാളം സംസാരിച്ചാൽ മതിയായിരുന്നു.. ഇതിപ്പോ ഒരു കല്ല് കടിയായി’ എന്നാണ് ചിലരുടെ വിമർശനം.
അതേസമയം, മറ്റൊരു വിഭാഗം പ്രേക്ഷകർ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് ആ സംസാരശൈലി തികച്ചും യോജിച്ചതാണെന്നും, ആ സംസാര രീതിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അവർ വിലയിരുത്തുന്നു. ചില രംഗങ്ങളിൽ സാത്താൻ സേവിയറിന്റെ മണ്ടത്തരവും ഹാസ്യവും ചേർന്ന അവതരണം വലിയ ചിരി സമ്മാനിച്ചുവെന്നും ആരാധകർ പറയുന്നു.
ചിത്രത്തിലെ കഞ്ചാവ് സോമൻ, ബാറ്ററി സൈമൺ എന്നിവരുമായി സാത്താൻ സേവിയറിന്റെ കൂട്ടുകെട്ടും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ, സണ്ണി വെയ്‌നിന്റെ കരിയറിലെ തന്നെ മികച്ച ഇൻട്രോകളിലൊന്നാണ് ഈ ചിത്രത്തിലേതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
ആട്, Photo: IMDb
ആട് 1, ആട് 2 എന്നിവയിൽ പരിമിതമായ സ്ക്രീൻ ടൈം മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കിലും, ആട് 3യിൽ സാത്താൻ സേവിയർ നിറഞ്ഞാടുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സണ്ണി വെയ്ൻ വീണ്ടും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന അഭിപ്രായവും ശക്തമാണ്. രണ്ട് വ്യത്യസ്ത സ്വഭാവങ്ങളിലുള്ള കഥാപാത്രങ്ങളെ ഒരുപോലെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് താരം.
Content Highlight: Sunny Wayne’s character in the movie Aadu is being discussed on social media.