തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ സ്വകാര്യ ഇടനിലക്കമ്പനിയായ ജി.എൻ.എ. എനർജിയുമായുള്ള കരാർ പൂർണമായി തള്ളിക്കളഞ്ഞ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ജി.എൻ.എ. കരാർ ഇനിയില്ലെന്നും, പ്രായോഗികമല്ലാത്തതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായ കരാറാണിതെന്ന് കെ.എസ്.ഇ.ബി. നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ഇ.ബി. തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് പറഞ്ഞ് ബോർഡിനെ പൂർണമായി ന്യായീകരിച്ച മന്ത്രി, മുഖ്യമന്ത്രിയുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മുൻവർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ വർധനവ് വൈദ്യുതി ആവശ്യകതയിൽ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബറിലുണ്ടായതുപോലെ വീണ്ടും ലോഡ് ഷെഡിങ്ങിലേക്ക് പോകാതിരിക്കാനുള്ള കരുതൽ നടപടികൾ മാത്രമാണ് ബോർഡ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് 540 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടിയായിട്ടുണ്ട്. ഒരു മാസം മുമ്പ് ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രിയും താനും എൻ.ടി.പി.സി. ചെയർമാനുമായി നടത്തിയ ചർച്ചയുടെ ഫലമാണിതെന്നും സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത പവർ കട്ടും നിലനിന്നിരുന്ന ഘട്ടത്തിൽ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങാൻ നീക്കം നടന്നിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ ഫയൽ നീങ്ങുന്നതിനിടെ ചീഫ് സെക്രട്ടറിയായിരുന്ന വിശ്വനാഥ സിൻഹ, ഹരിയാന ആസ്ഥാനമായ ജി.എൻ.എ. എനർജി എന്ന ഇടനിലക്കമ്പനിയുടെ പേര് ശുപാർശ ചെയ്ത് കുറിപ്പെഴുതിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ജി.എൻ.എ. കരാർ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അന്നത്തെ കെ.എസ്.ഇ.ബി. സി.എം.ഡി. എം.ജി. രാജമാണിക്യവും ഉദ്യോഗസ്ഥരും റിപ്പോർട്ട് നൽകുകയും മന്ത്രി സണ്ണി ജോസഫ് അത് ശരിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഹിമാചൽ പ്രദേശ് വൈദ്യുതി രാജസ്ഥാന് നൽകിയ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ (8.63 – 8.90 രൂപ) വൈദ്യുതി വാഗ്ദാനം ചെയ്ത ജി.എൻ.എയെ പരിഗണിച്ചതെന്നും ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം.
ടെൻഡർ നടപടികളില്ലാതെ ഇടനിലക്കമ്പനിയെ ഉൾപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെ താല്പര്യം വ്യക്തമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട രണ്ട് ഫയലുകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്.
Content Highlight:Electricity Contract Controversy: Sunny Joseph States KSEB Did Not Submit an Incorrect Report; GNA Contract No Longer Exists.