തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ പരസ്യവിമർശനങ്ങളോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
തന്നെ കെ.പി.സി.സി പ്രസിഡന്റ് പദവിയിൽനിന്ന് മാറ്റിയതിന് പിന്നിൽ ചിലരുടെ നീക്കങ്ങൾ ഉണ്ടായിരുന്നുവെന്ന സുധാകരന്റെ പരാമർശം അടൂർ പ്രകാശ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാണല്ലോ എന്ന ചോദ്യത്തോട്, ഇപ്പോൾ ഈ വിഷയത്തിൽ താൻ പ്രതികരിക്കുന്നില്ലെന്നും അതെല്ലാം ഒരു അടഞ്ഞ അധ്യായമാണെന്നും സണ്ണി ജോസഫ് മറുപടി നൽകി.
സുധാകരൻ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും പ്രവർത്തകസമിതി അംഗമാണെന്നും പറഞ്ഞ അദ്ദേഹം, സുധാകരൻ ഈ വിഷയത്തിൽ ഇട്ട പോസ്റ്റ് പിൻവലിച്ചതായി ഇന്ന് പത്രങ്ങളിൽ വായിച്ചുവെന്നും ‘മഴ കഴിഞ്ഞാലും മരം പെയ്യുമല്ലോ’ എന്നും ഓർമിപ്പിച്ചു.
ഒരു ന്യായവുമില്ലാതെയാണ് തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന സുധാകരന്റെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വിമർശനങ്ങൾ സ്വാഭാവികമാണെന്ന നിലപാടാണ് സണ്ണി ജോസഫ് സ്വീകരിച്ചത്. എന്നാൽ പരസ്യ പ്രതികരണത്തെ അദ്ദേഹം എതിർക്കുകയും ചെയ്തു.
‘ഭരണപക്ഷത്തുനിന്ന് വിമർശനം ഉണ്ടാകണം, എങ്കിൽ മാത്രമേ നല്ല സർക്കാർ ഉണ്ടാകൂ. വളരെ നല്ല കാര്യമാണത്. കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ ക്രിയാത്മകമായ നിർദേശങ്ങളും വിമർശനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അത് പരസ്യപ്പെടുത്തുന്നതിനെയാണ് താൻ നിരുത്സാഹപ്പെടുത്തിയത്. അച്ചടക്കത്തിന്റെ ഭാഗമായി അത് പാലിക്കപ്പെടേണ്ടതുണ്ട്,’ സണ്ണി ജോസഫ് മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
എന്നാൽ, സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെ കെ. സുധാകരനെതിരെയും മഹിളാ കോൺഗ്രസ് നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി.
സുധാകരനെ പദവിയിൽനിന്ന് മാറ്റിയിട്ട് എത്രയോ കാലം പിന്നിട്ടിരിക്കുന്നുവെന്നും, അദ്ദേഹത്തിന് നീരസം പ്രകടിപ്പിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിട്ടും അന്നൊന്നും ഒന്നും പറയാതെ ഇപ്പോൾ എഴുതിത്തയ്യാറാക്കി വായിച്ച് അതൃപ്തി പരസ്യമാക്കിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഉണ്ണിത്താൻ വിമർശിച്ചു.
സുധാകരനെപ്പോലുള്ള വളരെ സീനിയറായ നേതാക്കൾക്ക് അഭിപ്രായം പറയാമെങ്കിലും, കഴിഞ്ഞ ദിവസം മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ കെ. മുരളീധരനെ വിമർശിക്കുന്ന സാഹചര്യമുണ്ടായതിനെ ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചു.
പരസ്യപ്രസ്താവനകൾക്ക് കോൺഗ്രസിൽ കർശന വിലക്കുള്ള ഘട്ടത്തിലാണ് ജെബി മേത്തർ പ്രതികരിച്ചത്. അടൂർ പ്രകാശ് ആവർത്തിച്ച് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നതിന് പിന്നിൽ ആരോ ഉണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞതിനെതിരെയാണ് ജെബി മേത്തർ മുരളീധരനെ തള്ളിക്കൊണ്ട് രംഗത്തുവന്നത്.
ഇതിനുമുൻപും മഹിളാ കോൺഗ്രസ് പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സീനിയർ കോൺഗ്രസ് നേതാക്കന്മാരെ വിമർശിക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും കെ.പി.സി.സിയുടെ കർശന വിലക്ക് ലംഘിച്ചുകൊണ്ടാണ് ഇവരൊക്കെ രംഗത്തുവന്നിരിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഇവർക്കെതിരെ നേതൃത്വം എന്ത് നടപടി സ്വീകരിക്കുന്നു എന്നത് അനുസരിച്ചായിരിക്കും തങ്ങളുടെ തുടർപ്രതികരണങ്ങളെന്നും, നടപടിയെടുത്തില്ലെങ്കിൽ തനിക്കും പലതും തുറന്നുപറയാനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അർഹതയില്ലാത്ത പല ആളുകളും ഇന്ന് പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടെന്നും അവർക്കാണ് ഈ അസ്വസ്ഥതയെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് തുറന്നടിച്ചു.
Content Highlight:Sunny Joseph says criticisms should not be made public; Rajmohan Unnithan terms Sudhakaran’s actions a serious breach of discipline.