| Wednesday, 28th January 2026, 6:40 pm

ഫീല്‍ഡൗട്ടില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റിലേക്ക്, ക്ലീഷേകള്‍ പൊളിച്ച് 69ാം വയസിലും ഒന്നര ക്വിന്റല്‍ ഇടിയുമായി കളം നിറഞ്ഞ് സണ്ണി പാജി

അമര്‍നാഥ് എം.

ഒരുകാലത്ത് ബോളിവുഡില്‍ മുന്‍നിരയിലുണ്ടായിരുന്ന നടന്മാര്‍ പിന്നീട് തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ സമ്മാനിക്കുകയും ഇടവേളയെടുക്കുകയും ചെയ്യാറുണ്ട്. പിന്നീട് തിരിച്ചുവരവില്‍ നായകവേഷത്തിന് പകരം സഹനടന്മാരായും വില്ലന്മാരായും മാത്രം കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതാണ് സ്ഥിരം കാഴ്ച. ബോബി ഡിയോള്‍, വിവേക് ഒബ്‌റോയ്, അക്ഷയ് ഖന്ന തുടങ്ങിയവര്‍ അതിന് ഉദാഹരണമാണ്.

എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തനായ ഒരു നടനുണ്ട്. ഫീല്‍ഡൗട്ടായ അവസ്ഥയില്‍ നിന്ന് ബോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ സണ്ണി ഡിയോള്‍. ബോളിവുഡ് ഇതിഹാസമായ ധര്‍മേന്ദ്രയുടെ മകനായ സണ്ണി ഡിയോള്‍ ഒരുകാലത്ത് ഇന്‍ഡസ്ട്രിയിലെ സെന്‍സേഷന്‍ താരമായിരുന്നു. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റിയ സണ്ണി ഡിയോള്‍ ഖാന്‍ ത്രയത്തിന് വരെ വെല്ലുവിളിയായി. എന്നാല്‍ അമിതമായ സ്റ്റാര്‍ഡം ആരുടെയും ചുവടുതെറ്റിക്കുമെന്ന ക്ലീഷേ സണ്ണിയുടെ കരിയറിലും ആവര്‍ത്തിച്ചു.

സണ്ണി ഡിയോള്‍ Photo: Reddit

തുടര്‍ച്ചയായ പരാജയങ്ങള്‍ സണ്ണിയുടെ മാര്‍ക്കറ്റ് ഇല്ലാതാക്കി. 2011ല്‍ യമ്ല പഗ്ല ദീവാനയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഹിറ്റ്. പിന്നീടങ്ങോട്ട് ഫ്‌ളോപ്പുകളുടെ നീണ്ടനിരയായിരുന്നു അദ്ദേഹത്തിന്റെ കരിയറില്‍. സംവിധാനം ചെയ്ത സിനിമയും മകനെ നായകനാക്കി ഒരുക്കിയ ചിത്രവുമെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ഇനിയൊരു തിരിച്ച് വരവ് സണ്ണി ഡിയോളിന് ഉണ്ടാകില്ലെന്ന് പലരും വിധിയെഴുതി. രണ്ട് വര്‍ഷത്തോളം സണ്ണി ഡിയോള്‍ സിനിമയില്‍ നിന്ന് ബ്രേക്കെടുത്തു.

ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമായ ചുപ്പ് എന്ന ചിത്രത്തിലൂടെ ക്യാമറക്ക് മുന്നില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ അടുത്ത ചിത്രം ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചു. 2001ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഗദ്ദറിന്റെ സീക്വലൊരുങ്ങുന്ന എന്ന വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തി. സണ്ണി ഡിയോളിന്റെ അടുത്ത ഫ്‌ളോപ്പെന്ന് പലരും റിലീസിന് മുമ്പ് വിധിയെഴുതി.

ഗദ്ദര്‍ 2 Photo: Bollywood Hungama

എന്നാല്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് ഗദ്ദര്‍ 2 ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. നോര്‍ത്ത് ഇന്ത്യയിലെ സി ക്ലാസ് തിയേറ്ററുകളില്‍ ഗദ്ദര്‍ 2 കാണാന്‍ ട്രാക്ടറിലെല്ലാം ആളുകളെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡിന്റെ സ്വന്തം സണ്ണി പാജിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു ഗദ്ദര്‍ 2. താരത്തിന്റെ ഫാന്‍ ഫോളോയിങ് എത്രത്തോളമുണ്ടെന്നതിന് ഗദ്ദര്‍ 2 തെളിവായി.

തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മെല്ലിനേനി ഒരുക്കിയ ജാട്ടും ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട വിജയം സ്വന്തമാക്കി. 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചു. ഇപ്പോഴിതാ മറ്റൊരു സീക്വലുമായി സണ്ണി പാജി കളംനിറയുകയാണ്. 1999ലെ ചരിത്രവിജയമായി മാറിയ ബോര്‍ഡറിന്റെ രണ്ടാം ഭാഗം 200 കോടിയിലേക്ക് കുതിക്കുകയാണ്.

ബോര്‍ഡര്‍ 2 Photo: Screen grab/ T Series

ആയകാലത്ത് സ്വന്തമാക്കിയ ഫാന്‍ബേസ് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് സണ്ണി പാജി തെളിയിക്കുകയാണ്. ട്രേഡ്മാര്‍ക്ക് ഐറ്റങ്ങളായ അലറിവിളിയും ‘ഢായി സൗ കിലോ കാ ഹാത്ത്’ (ഒന്നര ക്വിന്റല്‍ കനമുള്ള ഇടി)ക്കും ഇപ്പോഴും ആരാധകരുണ്ട്. 69ാം വയസിലും ബോളിവുഡില്‍ തന്റെ സ്ഥാനം കൈവിടാതെ സൂക്ഷിക്കുന്ന സണ്ണി ഡിയോളാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

Content Highlight: Sunny Deol’s massive comeback in Bollywood

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more