| Sunday, 20th July 2025, 10:52 pm

വെള്ളാപ്പള്ളിയുടെ പ്രസ്താവന ഗുരുപാരമ്പര്യത്തിനും കേരളത്തിന്റെ മതനിരപേക്ഷതയ്ക്കും എതിര്: സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലടി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അധ്യാപകനും സാമൂഹിക ചിന്തകനുമായ സുനില്‍ പി. ഇളയിടം. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഗുരുപാരമ്പര്യത്തിനും കേരളത്തിന്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുനില്‍ പി. ഇളയിടത്തിന്റെ പരാമര്‍ശം.

ഹൈന്ദവവര്‍ഗീയതയ്ക്ക് വഴിവെട്ടാന്‍ ഗുരുപാരമ്പര്യത്തെ ഉപയോഗിക്കുന്ന ഈ സമീപനത്തെ കേരളം ഒരുമിച്ചുനിന്ന് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസ്‌ലിങ്ങളെയും മലപ്പുറത്തെയും ലക്ഷ്യമിട്ടുള്ള പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി ഉറച്ചുനില്‍ക്കുകയാണ്. താന്‍ ഒരു മതത്തിനും എതിരല്ലെന്നും സമുദായത്തിന് വേണ്ടി ഇനിയും സംസാരിക്കുമെന്നുമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഇന്നലെ കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി യോഗത്തില്‍, കാന്തപുരം പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് സര്‍ക്കാരിനെന്നും അതിന്റെ ഉദാഹരണങ്ങളാണ് സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവുമെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചിരുന്നു.

‘കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. കേരളത്തിലെ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്തത്. മുസ്‌ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുകയാണ്. മറ്റു സമുദായങ്ങള്‍ ജാതി പറഞ്ഞാണ് എല്ലാം നേടുന്നത്. എന്നാല്‍ ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കാം. നമ്മള്‍ ജനസംഖ്യ വര്‍ധിപ്പിച്ചാല്‍ ഇതെല്ലാം ശരിയാകും. എന്റെ പൊന്നു പെങ്ങമാരേ പ്രൊഡക്ഷന്‍ കുറയ്ക്കല്ലേ,’ യോഗത്തിനിടെ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ വിമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, സി.പി.ഐ.എം നേതാവ് എം. സ്വരാജ് തുടങ്ങിയവര്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചപ്പോള്‍, സി.പി.ഐ.എം നേതാവായ വി.എന്‍. വാസവന്‍. കോണ്‍ഗ്രസ് എം.എല്‍.എ കെ. ബാബു എന്നിവര്‍ വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തത്.

മുസ്‌ലിം  ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് ശിഹാബ് തങ്ങള്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് ആത്മസംയനം പുലര്‍ത്താമെന്നും മൗനം വിദ്വാന് ഭൂഷണമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlight: Vellappally’s statement is against the Guru tradition and the secularism of Kerala: Sunil P. Ilayidom

We use cookies to give you the best possible experience. Learn more