| Thursday, 3rd October 2019, 11:29 am

ഗാന്ധിജി തെറ്റ് പറ്റിയാല്‍ അതേറ്റ് പറയുമായിരുന്നു, 'പുതിയ രാഷ്ട്രപിതാവിന്' ആ ശീലമില്ല: സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവായി ചിത്രീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് ഇടതുപക്ഷ ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി. ഇളയിടം. തെറ്റ് പറ്റിയാല്‍ ഏറ്റുപറയുന്ന ശീലം ഗാന്ധിജിയ്ക്കുണ്ടായിരുന്നെന്നും ‘പുതിയ രാഷ്ട്രപിതാവി’നതില്ലെന്നും ഇളയിടം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് സാംസ്‌കാരിക വേദി ടൗണ്‍ ഹാളില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ‘മതം-രാഷ്ട്രം-മനുഷ്യന്‍: ഗാന്ധിജിയുടെ വര്‍ത്തമാനം’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗാന്ധിജി മുന്‍പ് പറഞ്ഞ അഭിപ്രായങ്ങളില്‍ നിന്ന് പലപ്പോഴും തിരുത്ത് വരുത്തിയിട്ടുണ്ട്. അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ഞാന്‍ ഒരു വിഷയത്തില്‍ ഒന്നില്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അവസാനം പറയുന്നത് സ്വീകരിക്കണം എന്നാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അതേറ്റ് പറയാന്‍ ഗാന്ധിജി ഒരിക്കലും മടി കാണിച്ചിട്ടില്ല. പുതിയ രാഷ്ട്രപിതാവിനില്ലാത്തതും അതാണ്.’

നേരത്തെ അമേരിക്കന്‍ സന്ദര്‍ശത്തിനിടെ ട്രംപ്, മോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമി പത്രത്തില്‍ അച്ചടിച്ചു വന്നതിലും അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇങ്ങനെ പോയാല്‍ ഹിന്ദ് സ്വരാജിനെ ഹിന്ദു സ്വരാജ് ആക്കുമെന്നും മാതൃഭൂമി പോലൊരു പത്രം അതിന്റെ സ്ഥാപക പത്രാധിപരായിരുന്ന കെ. പി കേശവ മേനോനെ വിസ്മരിക്കുകയാണെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

‘ഇങ്ങനെ പോയാല്‍ ഹിന്ദ് സ്വരാജിനെ അവര്‍ ഹിന്ദു സ്വരാജ് ആക്കി മാറ്റും’ സുനില്‍ .പി. ഇളയിടം പറഞ്ഞു.

ഗാന്ധിജിയുടെ രക്തം ചിന്തിയ മണ്ണിന്റെ ചിത്രവും ഗാന്ധിക്ക് നേരെ നിറയൊഴിച്ച പ്രത്യയശാസ്ത്ര വക്താവിന്റെ ഗാന്ധി സ്തുതിയും ഒരേ പത്രത്താളില്‍ അച്ചടിച്ചുവരുന്ന വിചിത്ര കാലമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗോഡ്സെയും ഗാന്ധിയെയും താരതമ്യം ചെയ്ത് എന്‍.വി കൃഷ്ണവാര്യര്‍ എഴുതിയ കവിത ഇടക്കെങ്കിലും നിലവിലെ മാതൃഭൂമി പത്രാധിപര്‍ മറിച്ചു നോക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

‘ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പിറന്ന മാതൃഭൂമി പോലൊരു പത്രം, അതിന്റ സ്ഥാപക പത്രാധിപരായിരുന്ന കെ. പി കേശവ മേനോനെയടക്കം വിസ്മരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗോഡ്‌സെയെയും ഗാന്ധിയെയും താരതമ്യം ചെയ്തുകൊണ്ട് എന്‍.വി കൃഷ്ണവാര്യര്‍ എഴുതിയ കവിത മാതൃഭൂമിയിലെ ഇപ്പോഴത്തെ പത്രാധിപര്‍ ഇടക്കെങ്കിലും വായിക്കുന്നത് നല്ലതാണ്’. സുനില്‍ .പി. ഇളയിടം പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more