| Friday, 10th April 2026, 7:45 am

മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ളവന്‍ തന്നെ, ഉറപ്പ്! റണ്ണടിക്കാനോ, അതും നരെയ്‌ന്റെ പന്തിലോ? തിരുത്തിയത് സ്വന്തം റെക്കോഡ്

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ല്‍ തങ്ങളുടെ നാലാം മത്സരത്തിലും പരാജയപ്പെട്ട് കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയുടെ അവസാന സ്ഥാനങ്ങളില്‍ തുടരുകയാണ്. പഞ്ചാബിനെതിരായ മത്സരം മഴയെടുത്തതോടെ ലഭിച്ച ഒറ്റ പോയിന്റ് മാത്രമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് ആശ്വസിക്കാനുള്ളത്. കഴിഞ്ഞ ദിവസം ജയം മുമ്പില്‍ കണ്ട ശേഷമാണ് ടീം തോല്‍വിയുടെ പടുകുഴിയിലേക്ക് വീണത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മുകുള്‍ ചൗധരിയെന്ന 21കാരന്റെ പോരാട്ടവീര്യത്തിന് മുമ്പില്‍ രഹാനെയും സംഘവും അടിയറവ് പറഞ്ഞു.

27 പന്ത് നേരിട്ട മുകുള്‍ പുറത്താകാതെ 54 റണ്‍സ് നേടി. ഏഴ് സിക്‌സറും രണ്ട് ഫോറും അടക്കം 200.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. 34 പന്തില്‍ 54 റണ്‍സടിച്ച ആയുഷ് ബദോണിയും ലഖ്‌നൗ നിരയില്‍ കരുത്തായി.

ഇരുവരുമടക്കമുള്ളവര്‍ കൊല്‍ക്കത്ത ബൗളര്‍മാരെ പ്രഹരിച്ചെങ്കിലും സുനില്‍ നരെയ്ന്‍ എന്ന അതികായന് മുമ്പില്‍ ലഖ്‌നൗ നിരയിലെ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. തന്റെ ക്വാട്ടയിലെ നാല് ഓവറും എറിഞ്ഞുതീര്‍ത്ത നരെയ്ന്‍ വഴങ്ങിയത് വെറും 13 റണ്‍സ്. ഒരു വിക്കറ്റും സ്വന്തമാക്കിയ താരത്തിന്റെ എക്കോണമിയാകട്ടെ വെറും 3.25ഉം. 8.0 എക്കോണമിയില്‍ പന്തെറിഞ്ഞ അനുകൂല്‍ റോയ് യാണ് രണ്ടാമതായി മികച്ച പ്രകടനം കാഴ്ചവെച്ചത്.

സുനിൽ നരെയ്ൻ. 

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ നാലില്‍ താഴെ എക്കോണമിയില്‍ തന്റെ ഫുള്‍ ക്വാട്ട എറിഞ്ഞ പൂര്‍ത്തിയാക്കിയ താരങ്ങളില്‍ സ്വന്തം റെക്കോഡ് തിരുത്തിയാണ് നരെയ്ന്‍ കരുത്ത് കാട്ടിയത്. ഇത് 14ാം തവണയാണ് നരെയ്ന്‍ ഇത്തരത്തില്‍ പന്തെറിയുന്നത്.

നാലോ അതില്‍ താഴെയോ എക്കോണമിയില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ പന്തെറിഞ്ഞ താരം

(താരം – മത്സരം എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – 14

റാഷിദ് ഖാന്‍ – 12

ജസ്പ്രീത് ബുംറ – 11

അമിത് മിശ്ര – 10

ഹര്‍ഭജന്‍ സിങ് – 10

ഡെയ്ല്‍ സ്റ്റെയ്ന്‍ – 8

ആര്‍. അശ്വിന്‍ – 8

(ഫുള്‍ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കിയ മത്സരങ്ങള്‍ മാത്രം)

സുനില്‍ നരെയ്ന്‍

അതേസമയം, തങ്ങളുടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് കൊല്‍ക്കത്ത ആദ്യ നാല് മത്സരത്തിലും പരാജയപ്പെടുന്നത്.

ഏപ്രില്‍ 14നാണ് കൊല്‍ക്കത്ത അടുത്ത മത്സരത്തനിറങ്ങുന്നത്. ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കാണ് വേദി.

Content Highlight: Sunil Narine tops the list of most IPL innings with economy below 4

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more