ഐ.പി.എല്‍ 2026ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയമില്ലാതെ നാലാം മത്സരവും അവസാനിപ്പിച്ചിരിക്കുകയാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടാണ് മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍വിയേറ്റുവാങ്ങിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 182 റണ്‍സിന്റെ ലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു.
യുവതാരങ്ങളായ മുകുള്‍ ചൗധരിയുടെയും ആയുഷ് ബദോണിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് വിജയം സ്വന്തമാക്കിയത്.
കാമറൂണ്‍ ഗ്രീനും നവ്ദീപ് സെയ്‌നിയുമടക്കമുള്ള കൊല്‍ക്കത്ത ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയപ്പോള്‍ സുനില്‍ നരെയ്ന്‍ പതിവുപോലെ റണ്‍ വഴങ്ങാന്‍ പിശുക്കുകാട്ടി. നാല് ഓവറില്‍ വെറും 13 റണ്‍സാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റും നേടി.
ഈ വിക്കറ്റോടെ ഒരു ചരിത്ര നേട്ടത്തിലും നരെയ്ന്‍ ഇടം നേടി. ഇന്ത്യന്‍ മണ്ണില്‍ 200 ടി-20 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഓവര്‍സീസ് ബൗളര്‍ എന്ന റെക്കോഡാണ് നരെയ്ന്‍ തന്റെ പേരില്‍ കുറിച്ചത്.
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
സുനില്‍ നരെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്) – 181 – 200*
ഡ്വെയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്) – 160 – 190
റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 142 – 188
ലസിത് മലിംഗ (ശ്രീലങ്ക) – 116 – 156
ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്) – 112 – 128
ആന്ദ്രേ റസല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 123 – 128
ഐ.പി.എല്ലില്‍ പന്തെറിഞ്ഞ 190 ഇന്നിങ്‌സില്‍ നിന്നും 194 വിക്കറ്റുകളാണ് നരെയ്‌ന്റെ പേരിലുള്ളത്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ബൈലാറ്ററല്‍ മത്സരങ്ങളിലാണ് ശേഷിച്ച വിക്കറ്റുകള്‍ പിറവിയെടുത്തത്.
സുനില്‍ നരെയ്ന്‍
ഐ.പി.എല്ലില്‍ 25.79 ശരാശരിയിലും 22.73 സ്‌ട്രൈക് റേറ്റിലും പന്തെറിയുന്ന താരം ഏഴ് ഫോര്‍ഫറും ഒരു ഫൈഫറും ഐ.പി.എല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് കൊല്‍ക്കത്ത ലെജന്‍ഡ്.
ഐ.പി.എല്ലില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഓവര്‍സീസ് ബൗളറെന്ന നേട്ടവും വൈകാതെ നരെയ്‌ന് സ്വന്തമാക്കാന്‍ സാധിക്കും. 183 വിക്കറ്റ് നേടിയ ബ്രാവോയാണ് രണ്ടാമത്. ആക്ടീവ് താരങ്ങളില്‍ 163 വിക്കറ്റുമായി റാഷിദ് ഖാനാണ് ഈ ലിസ്റ്റില്‍ നരെയ്‌ന് പിന്നിലുള്ളത്.
Content Highlight: Sunil Narine becomes the 1st overseas bowler to pick 200 T20 in India