| Saturday, 26th July 2025, 10:30 pm

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച അരുണ്‍കുമാറിനൊപ്പം അവാര്‍ഡ് വേണ്ട; പി.ടി. ചാക്കോ അവാര്‍ഡ് നിരസിച്ച് വ്യവസായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2025ലെ പി.ടി. ചാക്കോ ഫൌണ്ടേഷന്‍ പ്രവാസി വ്യവസായി അവാര്‍ഡ് നിരസിച്ച് വ്യവസായിയായ സുനില്‍ ജോസഫ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിന് പി.ടി ചാക്കോയുടെ പേരിലുള്ള മാധ്യമ പ്രതിഭയ്ക്കുള്ള അവാര്‍ഡ് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സുനില്‍ ജോസഫ് അവാര്‍ഡ് നിഷേധിച്ചത്. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സുനില്‍ ജോസഫ് ഇക്കാര്യം അറിയിച്ചത്.

ഉമ്മന്‍ചാണ്ടിയേ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുള്ള വാക്കുകള്‍ തികച്ചും അപക്വവും, ദുഷ്ടലാക്കോടുകൂടിയതുമാണെന്നും സുനില്‍ പറഞ്ഞു. പി.ടി ചാക്കോ ഫൗണ്ടേഷന്റെ പ്രവാസി വ്യാവസായിക പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ ഭാരവാഹികളോട് നന്ദി രേഖപ്പെടുത്തിയ സുനില്‍ മാധ്യമ രംഗത്തിന് തന്നെ അപമാനമായ പരാമര്‍ശം നടത്തിയ അരുണ്കുമാറിനൊപ്പം അവാര്‍ഡ് സ്വീകരിക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നും പറഞ്ഞു.

സുനില്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ കമ്യൂണിസ്റ്റ് പോരാളികളില്‍ ഒരാളായിരുന്നു ശ്രീ. വിഎസ് അച്ചുതാനന്ദന്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

കഴിഞ്ഞ ദിവസം കേരളം ചര്‍ച്ച ചെയ്യേണ്ടി വന്ന ഒരു പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ Dr. അരുണ്‍കുമാറിന്റെ വകയായിട്ടുള്ളതായിരുന്നു. ബഹുമാന്യനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയേ അങ്ങേയറ്റം അപമാനിക്കുന്ന രീതിയില്‍ വന്ന ആ വാക്കുകള്‍ തികച്ചും അപക്വവും, ദുഷ്ടലക്കൊടുകൂടിയതും ആയിരുന്നു എന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല.

സ്വ ജീവിതം കൊണ്ട് പൊതു സമൂഹത്തിന് ഇത്ര മേല്‍ മാതൃകയായ മറ്റൊരാള്‍ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല എന്നുള്ളത് ഏവരും സ്മരിക്കേണ്ട കാര്യം തന്നെയാണ്. ജന ഹൃദയങ്ങള്‍ അദ്ദേഹത്തെ പുണ്യാളന്‍ ആയി കരുതുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിക്കുള്ള അംഗീകാരമായി മാത്രമേ കരുതാന്‍ കഴിയൂ.

PT ചാക്കോ ഫൗണ്ടേഷന്റെ പ്രവാസി വ്യവസായി പുരസ്‌കാരത്തിന് എളിയവനായ എന്നെ പരിഗണിച്ചതില്‍ അങ്ങേയറ്റം കൃതജ്ഞതയും നന്ദിയും ഫൗണ്ടേഷന്‍ ഭാരവാഹികളോട് രേഖപ്പെടുത്തുന്നു . പരിണിതപ്രജ്ഞനായ, കേരള രാഷ്ട്രീയത്തിലെ, നക്ഷത്രമായി നിന്ന് ശ്രീ. PT ചാക്കോയുടെ പേരിലുള്ള പുരസ്‌കാരം അഭിമാന കരം തന്നെയാണെന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല.

ബഹുമാന്യനായ ശ്രീ ഉമ്മന്‍ചാണ്ടിയെ അകാരണമായും, തീര്‍ത്തും അനവസരത്തിലും അപമാനിച്ച റിപ്പോര്‍ട്ടര്‍ TV ന്യൂസ് എഡിറ്റര്‍ ശ്രീ അരുണ്കുമാറിനും PT ചാക്കോ ഫൗണ്ടേഷന്‍ മാധ്യമ പ്രതിഭ യ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

മാധ്യമ രംഗത്തിന് തന്നെ അപമാനമായ മേല്‍പ്പറഞ്ഞ പരാമര്‍ശം നടത്തിയ Dr. അരുണ്കുമാറിനൊപ്പം അവാര്‍ഡ് സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കാത്തത് കൊണ്ടും, അരുണ്‍കുമാറിന്റെ പരാമര്‍ശത്തില്‍ എന്റെ സര്‍വാത്മനാ ഉള്ള എതിര്‍പ്പ് അറിയിക്കാനുള്ള അവസരമായത് കൊണ്ടും എനിക്ക് നിശ്ചയിച്ച ഈ വര്‍ഷത്തെ PT ചാക്കോ ഫൌണ്ടേഷന്‍ പ്രവാസി വ്യവസായി അവാര്‍ഡ് ഞാന്‍, അങ്ങേയറ്റം ബഹുമാനത്തോടെ പറയട്ടേ ശ്രീ അരുണും ആയി വേദി പങ്കിട്ട് ഈ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല. ഒത്തിരി സ്‌നേഹത്തോടെ സുനില്‍ ജോസഫ് വഞ്ചിക്കല്‍.

Content Highlight: Sunil Joseph says no to P.T. Chacko Award along with Arunkumar who insulted Oommen Chandy

We use cookies to give you the best possible experience. Learn more