| Friday, 29th May 2026, 5:06 pm

സഞ്ജുവിനെ ഇന്ത്യയുടെ ക്യാപ്റ്റനായി പ്രഖ്യാപിക്കണം: സുനില്‍ ഗവാസ്‌കര്‍

Sudev A

ഇന്ത്യയുടെ അടുത്ത ടി-20 നായകന്‍ ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുന്നത്. ഐ.പി.എല്ലില്‍ ഈ സീസണിലെ മോശം പ്രകടനവും പ്രായവുമാണ് സൂര്യകുമാര്‍ യാദവിന് തിരിച്ചടിയായിരിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ടി-20 ടീമില്‍ സൂര്യകുമാറിന്റെ പകരക്കാരനായി എത്തേണ്ടത് ആരായിരിക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു ഇന്ത്യന്‍ ടി-20 ടീമിന്റെ ഭാഗമാണെന്നും അതിനാല്‍ ക്യാപ്റ്റനാവാന്‍ സഞ്ജുവിനേക്കാള്‍ അര്‍ഹതയുള്ള മറ്റൊരു താരവുമില്ലെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അഭിഷേക് ത്രിപാഠിയുമായി സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘ടി-20യില്‍ നിന്നും സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കേട്ടു. ഇത് ശരിയാണെങ്കില്‍ സഞ്ജു സാംസണിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കണം. അതില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ 10 വര്‍ഷമായി അവന്‍ ഇന്ത്യക്കായി ടി-20യില്‍ കളിക്കുന്നു. ലോകകപ്പിലും അവന്‍ മികച്ച രീതിയില്‍ കളിച്ചു. ഒരു താരമെന്ന നിലയില്‍ സഞ്ജു ഇപ്പോള്‍ വളരെ പക്വതയുള്ളവനായി മാറി. ഐ.പി.എല്ലിലും അവന്‍ മികച്ച ക്യാപ്റ്റനാണ്. ടി-20 ക്യാപ്റ്റന്‍സിയില്‍ അവനെക്കാള്‍ അര്‍ഹതയുള്ള മറ്റാരുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

സഞ്ജു സാംസൺ

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.

അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Sunil Gavasker talk Sanju Samson will be the next Indian T20 Captain

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more