| Sunday, 7th June 2026, 9:06 am

സഞ്ജുവിനെ പുറത്തിരുത്തി അവന് അവസരം നല്‍കാം: നിര്‍ദേശവുമായി ഗവാസ്‌കര്‍

Sudev A

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയതാണ് പ്രധാന മാറ്റം. രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടിയതും ഏറെ ശ്രദ്ധേയമായി.

ഇപ്പോഴിതാ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അയര്‍ലാന്‍ഡിനെതിരെ വൈഭവ് കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

വൈഭവിന് ടീമിലെത്താന്‍ അഭിഷേക് ശര്‍മക്ക് വിശ്രമം നല്‍കാമെന്നും മറ്റൊരു മത്സരത്തില്‍ സഞ്ജു സാംസണിനെ പുറത്തിരുത്തി പകരം വൈഭവിനെ കളിപ്പിക്കാമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ഇന്ത്യ ടുഡേയിലൂടെ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘അയര്‍ലാന്‍ഡ് ടി-20 സീരിസില്‍ അവനെ ഞാന്‍ ടീമില്‍ ഉള്‍പ്പെടുത്തും. അയര്‍ലാന്‍ഡിനെതിരെ അവന്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മത്സരത്തില്‍ അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ചുകൊണ്ട് വൈഭവിന് അവസരം നല്‍കാം. മറ്റൊരു മത്സരത്തില്‍ സഞ്ജു സാംസണിനെയും പുറത്തിരുത്താം. അവന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന കാണണം. ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഉണ്ടായിരിക്കുന്നത് അവന് വലിയൊരു പഠന അനുഭവമാകും. ഭാവിയില്‍ അവന്റെ കരിയര്‍ മുന്നോട്ട് പോവുമ്പോള്‍ ഈ അനുഭവം തീര്‍ച്ചയായും സഹായകമാവും,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

വൈഭവ് അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവിന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

വൈഭവ് സൂര്യവംശി & സച്ചിന്‍ ടെന്‍ഡുല്‍ക്കർ

2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

2026 ഐ.പി.എല്‍ സീസണില്‍ പല ചരിത്രങ്ങളും തിരുത്തിയെഴുതിയ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.

അയര്‍ലാന്‍ഡിനെതിരെയും വൈഭവിന്റെ ഈ മിന്നും പ്രകടനം ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Sunil Gavasker talk about Vaibhav Suryavanshi chances in Indian cricket team

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more