അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.
ക്രീസിൽ നിലയുറപ്പിച്ചുകൊണ്ട് പതുക്കെ കളിച്ചാൽ സഞ്ജുവിന് സ്ഥിരതയോടെ കളിക്കാൻ സാധിക്കുമെന്നാണ് ഗാവസ്‌കർ പറഞ്ഞത്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗവാസ്കർ.
’20 ഓവർ മത്സരത്തിൽ ഓപ്പണർമാർക്ക് കൂടുതൽ പന്തുകൾ നേരിടാൻ അവസരം കിട്ടുന്നതിനാൽ അവർക്ക് കൂടുതൽ റൺസ് നേടാനും സ്ഥിരത നിലനിർത്താനും കഴിയും. ഇന്നത്തെ കളിയിൽ കണ്ടത് പോലെ പതുക്കെ കളിച്ചുകൊണ്ട് നിലയുറപ്പിച്ച ശേഷമാണ് സഞ്ജു വലിയ ഷോട്ടിലേക്ക് കടന്നത്.
ഈ ശൈലി തുടരുകയാണെങ്കിൽ അവന് പരാജയപ്പെടേണ്ടി വരില്ല. എപ്പോഴും 50, 60 റൺസ് നേടാൻ സാധിക്കും. എന്നാൽ ആദ്യ പന്ത് മുതൽ വലിയ റൺസ് നേടാൻ ശ്രമിക്കുമ്പോഴാണ് അവന് പുറത്താവുന്നത്. 190, 200 റൺസ് ചേസ് ചെയ്യുമ്പോൾ പതുക്കെയുള്ള ശൈലി പ്രായോഗികമല്ല. എന്തൊക്കെയായാലും അവൻ മികച്ച താരമാണ്,’ സുനിൽ ഗവാസ്കർ പറഞ്ഞു.
മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് സഞ്ജു തിളങ്ങിയത്. 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്.
മത്സരത്തിൽ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അന്താരാഷ്ട്ര ടി20 തന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയാണ് സഞ്ജു മത്സരത്തിൽ അടിച്ചെടുത്തത്. 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ 50 കടന്നത്.
അതേസമയം സെപ്റ്റംബർ 17നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മൂന്നാം ടി20യും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസവിജയം നേടി മടങ്ങാനാവും അഫ്ഗാൻ ഇറങ്ങുക.
Content Highlight: Sunil Gavasker praise Sanju Samson