| Friday, 19th June 2026, 4:12 pm

ലോകകപ്പ് കളിക്കാന്‍ അവന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവും: ഗവാസ്‌കര്‍

സുദേവ് എ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇഷാന്‍ ഇതിനോടകം തന്നെ അടുത്ത വര്‍ഷം സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

ഇഷാന്‍ കിഷനെ ടീമില്‍ നിന്നും പുറത്താക്കണമെങ്കില്‍ മറ്റാരെങ്കിലും ഇഷാനെക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്നും ഇന്ത്യന്‍ ഇതിഹാസം വ്യക്തമാക്കി.

‘അവന് ഇതിനകം വിസ ലഭിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഇഷാന്‍ കിഷനെ ടീമില്‍ നിന്നും പുറത്താക്കണമെങ്കില്‍ മറ്റാരെങ്കിലും അതില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തണം. ടി-20യില്‍ അവന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്,’ സുനില്‍ ഗവാസ്‌കര്‍ ജിയോ ഹോട്സ്റ്റാറിലൂടെ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങാനും ഇഷാന് സാധിച്ചിരുന്നു. 79 പന്തില്‍ 125 റണ്‍സാണ് ഇഷാന് അഫ്ഗാനെതിരെ നേടിയത്. ഏഴ് സിക്‌സുകളും 14 ഫോറുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 158.23 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഈ സെഞ്ച്വറിയോടെ ഒരു വമ്പന്‍ നേട്ടവും ഇഷാന്‍ തന്റെ പേരില്‍ കുറിച്ചു. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

മത്സരത്തില്‍ വെറും 71 പന്തുകള്‍ നേരിട്ടാണ് ഇഷാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തില്‍ കെ.എല്‍. രാഹുലാണ് ഒന്നാമത്. 2023ല്‍ നെതര്‍ലാന്‍ഡ്സിനെതിരെ രാഹുല്‍ 62 പന്തുകള്‍ നേരിട്ട് സെഞ്ച്വറി അടിച്ചിരുന്നു. ഇതാണ് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി.

അതേസമയം നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനാവും ശുഭ്മന്‍ ഗില്ലും സംഘവും ലക്ഷ്യം വെക്കുക. അഫ്ഗാന്‍ ആശ്വാസ വിജയം തേടിയാവും ഇറങ്ങുക.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്, ഹര്‍ഷിദ് റാണ.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, ഫരീദ് അഹമ്മദ്, റാഷിദ് ഖാന്‍, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഇബ്രാഹിം സദ്രാന്‍, ദര്‍വീഷ് അബ്ദുള്‍ റസൂലി, നങ്കേയാലിയ ഖരോട്ടെ, ഖൈസ് അഹമ്മദ്, സിയാവുര്‍ റഹ്‌മാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ബിലാല്‍ സാമി, മുഹമ്മദ് സലീം, അല്ലാഹ് ഗസന്‍ഫാര്‍, ബഷീര്‍ അഹമ്മദ്.

Content Highlight: Sunil Gavasker praise Ishan Kishan performance in ODI

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more