വെസ്റ്റ് ഇൻഡിസിനെതിരെയുള്ള ആദ്യ ടി-20യിൽ സെഞ്ച്വറി നേടി തിളങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ശ്രേയസ് ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയ്ക്ക് വിജയങ്ങൾ നൽകിയെങ്കിലും ബാറ്റിങ്ങിൽ ഒരു മികച്ച പ്രകടനം നടത്തേണ്ടത് പ്രധാനമായിരുന്നുവെന്നും ഇപ്പോൾ അത് അയ്യർ മികച്ച രീതിയിൽ ചെയ്തുവെന്നുമാണ് ഗവാസ്കർ പ്രശംസിച്ചത്.
അയ്യരുടെ ബാറ്റിങ് ഫോമിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർക്കെല്ലാം അയ്യർ മറുപടി നൽകിയെന്നും ഇന്ത്യൻ ഇതിഹാസം വ്യക്തമാക്കി. ജിയോസ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു ഗവാസ്കർ.
‘സമീപകാലത്ത് ടീമിന് വിജയങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ശ്രേയസ് അയ്യരുടെ ബാറ്റിങ് ഫോം ആശങ്കയുണ്ടാക്കിയിരുന്നു. അതുകൊണ്ട് മികച്ച ഒരു പ്രകടനം നടത്തേണ്ടത് അദ്ദേഹത്തിന് വളരെ പ്രധാനമായിരുന്നു. ആദ്യ ടി-20യിൽ അദ്ദേഹം അത് മികച്ച രീതിയിൽ ചെയ്തു. ഇന്നിങ്സിന്റെ പൂർണ നിയന്ത്രണം അയ്യർ ഏറ്റെടുത്തു. മിഡിൽ ഓവറുകളിൽ അദ്ദേഹം ബാറ്റിങ്ങിന്റെ വേഗത കൂട്ടി. വെറും 28 പന്തിൽ അർധ സെഞ്ച്വറി നേടിയ അദ്ദേഹം പിന്നീട് ഗീയർ മാറ്റി. അടുത്ത 15 പന്തിൽ തന്നെ 50 റൺസിൽ നിന്നും 102ലേക്ക് എത്തി.
ശ്രേയസിന്റെ ബാറ്റിങ് ഫോമിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ സെഞ്ച്വറിലൂടെ അദ്ദേഹം അവർക്കെല്ലാം മറുപടി നൽകി. അദ്ദേഹം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ ശക്തമായ തെളിവാണ് ഈ പ്രകടനം,’ സുനിൽ ഗവാസ്കർ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരെ 43 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. 95ൽ നിൽക്കെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയത്.
ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഈ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യർക്കും സംഘത്തിനും സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.
Content Highlight: Sunil Gavasker praise Indian T20 captain Shreyas Iyer