ഐ.പി.എല്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റ് കഴിഞ്ഞയുടനെയെത്തുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. പുതിയ ക്യാപ്റ്റന് കീഴില്‍ താരതമ്യേനെ യുവ ഇന്ത്യ എങ്ങനെ ഇംഗ്ലണ്ടില്‍ പ്രകടനം നടത്തുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ജൂണ്‍ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമാവുക. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. രോഹിത് ശര്‍മ വിരമിച്ചതോടെ യുവതാരം ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ മറികടന്നാണ് ഗില്‍ നായകനായത്.
പരിക്ക് കാരണം തനിക്ക് എല്ലാ മത്സരങ്ങളിലും ഭാഗമാവാന്‍ കഴിയില്ലെന്നും തന്നെ ക്യാപ്റ്റനായി പരിഗണിക്കേണ്ടതില്ലെന്നും ബുംറ സെലക്ടര്‍മാരെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
ബുംറ ഒരു ടീം താരവും നിസ്വാര്‍ത്ഥ ക്രിക്കറ്ററുമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എല്ലാ മത്സരങ്ങളിലും കളിക്കാന്‍ കഴില്ലെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചതിനാലാണ് ഗില്ലിനെ ക്യാപ്റ്റനായി നിയമിക്കാന്‍ അവരെ അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഡ് ഡേയില്‍ എഴുതിയ കോളത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
‘ബുംറ ഒരു ടീം താരവും നിസ്വാര്‍ത്ഥ ക്രിക്കറ്ററുമാണ്. ചില പ്രശ്‌നങ്ങള്‍ കാരണം എല്ലാ ടെസ്റ്റിലും കളിക്കാനാവില്ലെന്ന് അവന്‍ സെലക്ടര്‍മാരെ അറിയിച്ചു. ഇത് ഗില്ലിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാന്‍ അവരെ അനുവദിച്ചു. ബുംറയുടെ വാക്കുകള്‍ സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കി. പരമ്പരയില്‍ ഗില്‍ ബുംറയുടെ നിര്‍ദേശങ്ങളെ ആശ്രയിക്കും. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണം നയിക്കുക ബുംറയായിരിക്കും,’ ഗവാസ്‌കര്‍ പറഞ്ഞു.
കൂടാതെ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.സി.സി.ഐയ്ക്ക് 18 പേരെ അയക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ ടീം സന്തുലിതമാണ്, മറ്റ് രാജ്യങ്ങള്‍ 16 പേരെ അയക്കുമ്പോള്‍ 18 പേരെ അയയ്ക്കാന്‍ ബി.സി.സി.ഐക്ക് കഴിയും. അവര്‍ക്ക് ആറ് ന്യൂബോള്‍ ബൗളര്‍മാരുണ്ട്. ഒപ്പം മീഡിയം പേസറായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിതീഷ് കുമാര്‍ റെഡ്ഡിയുമുണ്ട്.
ആറ് ആഴ്ചയ്ക്കുള്ളില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്ള ഈ പര്യടനം അല്‍പ്പം ഇടുങ്ങിയതാണ്. അതിനാല്‍ തുടര്‍ച്ചയായ ടെസ്റ്റ് മത്സരങ്ങളില്‍ പന്തെറിഞ്ഞ ശേഷം പ്രധാന ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമായി വരുമെന്നതിനാല്‍ നെറ്റ് ബൗളര്‍മാരുടെ ആവശ്യമുണ്ടാകും,’ ഗവാസ്‌കര്‍ പറഞ്ഞു.
Content Highlight: Sunil Gavaskar talks about Shubhman Gill’s captaincy and Jasprit Bumrah decision to keep himself out of it