വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്. സെഞ്ച്വറിക്ക് തൊട്ടരികില്‍ പുറത്താകുകയായിരുന്നു രോഹിത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍.
മത്സരത്തില്‍ 92 റണ്‍സിന് പുറത്താകുമ്പോള്‍ രോഹിത്തിന് നിരാശ ഉണ്ടാകുമെന്നും 2027ലെ ഏകദിന ലോകകപ്പിന് ശേഷം രോഹിത് കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ പ്രായത്തേക്കാള്‍ കൂടുതല്‍ സെഞ്ച്വറികള്‍ രോഹിത്തിന് ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
’92 റണ്‍സില്‍ പുറത്തായതില്‍ രോഹിത് നിരാശനായിരുന്നു, കാരണം അദ്ദേഹത്തിന് സെഞ്ച്വറി നേടാനായില്ല, 2027ലെ ഏകദിന ലോകകപ്പിന് ശേഷം അദ്ദേഹം കളി ഉപേക്ഷിച്ചേക്കാം. അദ്ദേഹം ഒരു ദിവസം വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍, രോഹിത്തിന് പ്രായത്തേക്കാള്‍ കൂടുതല്‍ സെഞ്ച്വറികള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അദ്ദേഹം ആ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ 36ാം സെഞ്ച്വറിയാകുമായിരുന്നു. ഒരു താരം വിരമിക്കുന്ന സമയത്തെ പ്രായത്തേക്കാള്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുണ്ടാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ള കാര്യമാണ്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ അഭിമാന വിജയം സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്.
അതേസമയം രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (ഒരു റണ്‍സ്) വിരാട് കോഹ്ലിയും (പൂജ്യം) പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 92 റണ്‍സാണ് താരം നേടിയത്. വെറും എട്ട് റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്.
ഏകദിന ക്രിക്കറ്റില്‍ നിലവില്‍ 291 മത്സരങ്ങളിലെ 283 ഇന്നിങ്േസുകളില്‍ 12120 റണ്‍സാണ് രോഹിത് നേടിയത്. 264 റണ്‍സിന്റെ ഉയര്‍ന്ന റണ്‍സും 35 സെഞ്ച്വറിയുമാണ് രോഹിത്തിനുള്ളത്. 63 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
Content Highlight: Sunil Gavaskar Talking About Rohit Sharma