ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ബി.സി.സി.ഐ നേരത്തെ പുറത്ത് വിട്ടിരുന്നു. സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ കാത്തിരുന്ന പോലെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പേരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിന് ആ സ്ഥാനം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ഇരു താരങ്ങളും 2027 ലോകകപ്പ് കളിക്കുമോ എന്ന് ആരാധകരില്‍ വലിയ ചോദ്യം ഉയരുകയാണ്.
Gavaskar
2023 നഷ്ടപ്പെട്ട ഏകദിന ലോകകപ്പ് നേടിയെടുക്കാന്‍ രോ-കോ സഖ്യം ഉണ്ടാകുമെന്ന് കരുതുമ്പോഴും പ്രതീക്ഷകള്‍ മങ്ങുന്ന വാക്കുകളാണ് ചീഫ് സെലക്ടര്‍ അജിത് അഗാക്കറില്‍ നിന്ന് കേട്ടത്. ഇപ്പോള്‍ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
രോഹിത് 2027 ലോകകപ്പ് കളിക്കുമോ എന്ന് അറിയില്ലെന്നും ലോകകപ്പ് പോലുള്ള ഒരു വലിയ ടൂര്‍ണമെന്റിന് തയ്യാറാകുമ്പോള്‍ ആവശ്യമായ പരിശീലനം അദ്ദേഹത്തിന് ലഭിക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല അടുത്ത രണ്ട് വര്‍ഷത്തില്‍ നിങ്ങള്‍ക്ക് തയ്യാറാകാന്‍ സാധിച്ചില്ലെങ്കില്‍ ഒരു മോശം വാര്‍ത്തയ്ക്ക് കേല്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘രോഹിത് ശര്‍മ 2027 ലോകകപ്പില്‍ കളിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം ഇപ്പോള്‍ ഏകദിനങ്ങള്‍ മാത്രമേ കളിക്കുന്നുള്ളൂ. ഒരു അന്താരാഷ്ട്ര കലണ്ടര്‍ ഇയറില്‍ ഇന്ത്യന്‍ ടീം അധികം ഏകദിനങ്ങള്‍ കളിക്കുന്നില്ല. ഉഭയകക്ഷി പര്യടനങ്ങളില്‍ പ്രധാനമായും ടെസ്റ്റുകളും ടി-20 മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്.
ഒരു വര്‍ഷത്തില്‍ 5-7 ഏകദിനങ്ങള്‍ മാത്രമേ കളിക്കുന്നുള്ളൂവെങ്കില്‍ ലോകകപ്പ് പോലുള്ള ഒരു വലിയ ടൂര്‍ണമെന്റിന് തയ്യാറാകുമ്പോള്‍ ആവശ്യമായ പരിശീലനം അദ്ദേഹത്തിന് ലഭിക്കില്ല. ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പില്ലെങ്കില്‍ ശുഭ്മാന്‍ ഗില്ലിനെ തയ്യാറാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിയും ടി-20 ലോകകപ്പും നേടിത്തന്നു.
അദ്ദേഹം പോലും ഈ തീരുമാനത്തോട് യോജിക്കുന്നു! കാരണം നിങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഒരു യുവ ക്യാപ്റ്റന്‍ തയ്യാറാകേണ്ടതുണ്ട്. സെലക്ഷന്‍ കമ്മിറ്റി മുന്നോട്ട് ചിന്തിച്ചു. അടുത്ത രണ്ട് വര്‍ഷത്തില്‍ നിങ്ങള്‍ക്ക് തയ്യാറാകാന്‍ സാധിച്ചില്ലെങ്കില്‍ ഒരു മോശം വാര്‍ത്തയ്ക്ക് തയ്യാറാകേണ്ടിവരും,’ ഗവാസ്‌കര്‍ സ്പോര്‍ട്സ് ടാക്കിനോട് പറഞ്ഞു.
Content Highlight: Sunil Gavaskar Talking About Rohit Sharma