ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ സ്പിന്നര്‍ സാരാന്‍ഷ് ജെയ്‌നിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ലങ്കന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ആവശ്യമായ വൈവിധ്യം സാരാന്‍ഷിന്റെ ബൗളിങ്ങില്‍ കുറവായിരുന്നെന്നും വിക്കറ്റില്‍ നിന്നുള്ള സഹായത്തെ അദ്ദേഹം അമിതമായി ആശ്രയിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘അരങ്ങേറ്റം കുറിച്ച ഓഫ് സ്പിന്നര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന താരമാണെന്ന് തോന്നിച്ചെങ്കിലും, ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ആവശ്യമായ വൈവിധ്യം അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ കുറവായിരുന്നു. അരങ്ങേറ്റ മത്സരമായതിനാല്‍ അദ്ദേഹത്തിന് സമ്മര്‍ദമോ പരിഭ്രമമോ ഉണ്ടായിരിക്കാം. എന്നിരുന്നാലും, അത്യയ്ക്ക് മോശം ബൗളിങ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായില്ല. പക്ഷെ വിക്കറ്റില്‍ നിന്നുള്ള സഹായത്തെ അദ്ദേഹം അമിതമായി ആശ്രയിച്ചു,’ സുനില്‍ ഗവാസ്‌കര്‍ മിഡ് ഡേയില്‍ പറഞ്ഞു.
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ കുല്‍ദീപിന് പകരക്കാരനായി ഇറങ്ങിയ സാരാന്‍ഷ് ജെയിന്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടിയിരുന്നു. ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ച കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Content Highlight: Sunil Gavaskar Talking About Indian Spinner Saransh Jain