വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇടം കയ്യന്‍മാരായ ഇരു താരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കം നല്‍കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. പവര്‍പ്ലെയില്‍ ഇരുവരും സിക്‌സര്‍ അടിക്കാന്‍ തുടങ്ങിയാല്‍ എതിര്‍ ടീം ക്യാപ്റ്റന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
മാത്രമല്ല മലയാളി താരം സഞ്ജു സാംസണിന് മികച്ച ഫോം ഉണ്ടായിരുന്നെങ്കില്‍ ഫസ്റ്റ് ചോയ്സായി ടീമിലുണ്ടാകുമായിരുന്നെന്നും താരത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
സഞ്ജു സാംസണും ഇഷാന്‍ കിഷനും
‘ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും ഇടംകൈയ്യന്‍ ഓപ്പണര്‍മാരാണ്. ഇരുവരും സിക്‌സര്‍ അടിക്കാന്‍ തുടങ്ങിയാല്‍ എതിര്‍ ടീം ക്യാപ്റ്റന്‍ എന്തു ചെയ്യും? ആദ്യ ആറ് ഓവറുകളില്‍ ഈ രണ്ട് ബാറ്റര്‍മാരുടെയും ആധിപത്യത്തിന് അനുസരിച്ച് കളി മാറിമറിയും. അവര്‍ കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യും.
ഒരുപക്ഷെ സഞ്ജു സാംസണിന് മികച്ച ഫോം ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം ഫസ്റ്റ് ചോയ്സ് ഓട്ടോമാറ്റിക് പിക്ക് ആകുമായിരുന്നു. അദ്ദേഹത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാതൊരു സംശയവുമില്ല, പക്ഷേ വിധി മറ്റൊന്നായിരുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പകരമായാണ് ഇഷാന്‍ കിഷന്‍ ഓപ്പണിങ് പൊസിഷനില്‍ എത്തിയത്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ എത്താന്‍ സഞ്ജുവിന് സാധിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. കിവീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 46 റണ്‍സാണ് എടുത്തത്. ഇതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവനിലെ സ്ഥാനവും തുലാസിലാണ്.
അതേസമയം കിവീസിനെതിരായ പരമ്പയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കിഷന്റെ പ്രകടനം. മാത്രമല്ല സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സന്നാഹമത്സരത്തില്‍ ഓപ്പണിങ് ബാറ്റ് ചെയ്ത കിഷന്‍ ഏഴ് സിക്‌സര്‍ ഉള്‍പ്പെടെ 53 റണ്‍സ് നേടിയിരുന്നു.
Content Highlight: Sunil Gavaskar Talking About Indian Opener Batters And Sanju Samson