| Friday, 21st February 2025, 9:55 pm

ഇന്ത്യയാണ് ഏറ്റവും മികച്ച ടീമെന്ന് പറയുന്നത് തെറ്റാണ്: തുറന്ന് പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടാണ് ആതിഥേയരായ പാകിസ്ഥാന്‍ തുടങ്ങിയത്.

എന്തെക്കെ സംഭവിച്ചാലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുമെന്നത് ഉറപ്പാണ്. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ബിഗ് ഇവന്റില്‍ ആരാണ് വിജയിക്കുക എന്ന ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ കൂടുതല്‍ സാധ്യത ആര്‍ക്കാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്

‘എന്തും സംഭവിക്കാം, കാരണം കളി മാറ്റിമറിക്കാന്‍ ഒരു കളിക്കാരന്‍ മതി. പാകിസ്ഥാന് അത്തരത്തിലുള്ള നിരവധി കളിക്കാരുണ്ട്. ഇന്ത്യയാണ് ഏറ്റവും മികച്ച ടീമെന്ന് പറയുന്നത് തെറ്റാണ്,’ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യ ടുഡേയില്‍ പറഞ്ഞു.

ഇന്ത്യ പാകിസ്ഥാനേക്കാള്‍ മികച്ചതായിരിക്കുന്നതിന്റെ കാരണവും ഗവാസ്‌കര്‍ എടുത്തുപറഞ്ഞു.

‘ഇന്ത്യയ്ക്ക് എല്ലാവിധത്തിലും കരുത്തുണ്ട്, അതിനാല്‍ അവര്‍ ഫേവറിറ്റുകളായി തുടരും
ന്യൂസിലന്‍ഡിനോട് തോറ്റതിനാല്‍ പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ സമ്മര്‍ദത്തിലായിരിക്കും. ഇന്ത്യയ്ക്കെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ വിജയിച്ചിട്ടുണ്ട്, ആ റെക്കോഡ് മുന്നോട്ട് കൊണ്ടുപോകാനാണ് അവര്‍ ആഗ്രഹിക്കുന്നു,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sunil Gavaskar Talking About India VS Pakistan Match In Champions Trophy

We use cookies to give you the best possible experience. Learn more