ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ടീമുകളും ഇറങ്ങുമ്പോള്‍ പോരാട്ടം ഇനി മുറുകും.
അതേസമയം അയര്‍ലാന്‍ഡിനോട് രണ്ട് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. എന്നാല്‍ അയര്‍ലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ പരാജയപ്പെട്ടതില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ജൂണ്‍ 28 ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെടുത്തണമെന്നും ഇന്ത്യ ആരോടാണ് തോറ്റത് എന്നത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ
‘ജൂണ്‍ 28 ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെടും. ഒരു ക്രിക്കറ്റ് മത്സരം തോല്‍ക്കുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ ഒരു പരമ്പര, അതും രണ്ട് മത്സരങ്ങളുടെ പരമ്പര ആരോടാണ് തോല്‍ക്കുന്നത് എന്നത് വളരെ പ്രധാനമാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി മോശം നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതിന്റെ ഭാഗമായിരുന്നു ഞാനും. പക്ഷേ അയര്‍ലന്‍ഡിനോട് പരമ്പര തോല്‍ക്കുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം നിമിഷമാണ്,’ ഗവാസ്‌കര്‍ ഒരു ചര്‍ച്ചയില്‍ പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ പരാജയപ്പെടുന്നത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു ഇന്ത്യ.
രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം ആദ്യ ടി-20യില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയമായിരുന്നു അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
Content Highlight: Sunil Gavaskar Talking About India’s Lose Against Ireland Series