| Sunday, 26th October 2025, 10:09 pm

സ്വയം തെളിയിക്കുന്നതിന് മുമ്പ് കളിക്കാരെ വിമര്‍ശിച്ചാല്‍ അവരുടെ മനോവീര്യം തകരും: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍ നിതീഷ് റാണ കാഴ്ചവെച്ചത്. നാല് ഓസീസ് താരങ്ങളുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലെ താരത്തിന്റെ പ്രകടനം മുന്‍ നിര്‍ത്തി ക്രിസ് ശ്രീകാന്ത് ഉള്‍പ്പെടെയുള്ള പല മുന്‍ താരങ്ങളും റാണയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ റാണയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയില്‍ ഹര്‍ഷിത് റാണ ആ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല സ്വയം തെളിയിക്കുന്നതിന് മുമ്പ് കളിക്കാരെ വിമര്‍ശിക്കുന്നത് അവരുടെ മനോവീര്യം കെടുത്തുകയേ ഉള്ളൂവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

‘ഹര്‍ഷിത് റാണ ആ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്നത് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു, പ്രത്യേകിച്ചും അദ്ദേഹം ധാരാളം വിമര്‍ശനങ്ങള്‍ നേരിടുന്നതിനാല്‍. അത് മനസിലാക്കാന്‍ പ്രയാസമാണ്, കാരണം വിമര്‍ശനം ഒരു പ്രകടനത്തിന് ശേഷമായിരിക്കണം, അതിന് മുമ്പല്ല. സ്വയം തെളിയിക്കുന്നതിന് മുമ്പ് കളിക്കാരെ വിമര്‍ശിച്ചാല്‍ അവരുടെ മനോവീര്യം തകരും,’ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകളാണ് താരം നേടിയത്. 3/48 എന്ന മികച്ച പ്രകടനവും താരത്തിനുണ്ട്. ഏകദിന ക്രിക്കറ്റില്‍ എട്ട് മത്സരത്തില്‍ രണ്ട് മെയ്ഡന്‍ അടക്കം 16 വിക്കറ്റും റാണ സ്വന്തമാക്കി.

അതേസമയം ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് മുന്നിലുള്ളത്. ടി-20 പരമ്പര ഒക്ടോബര്‍ 29നാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാധവാണ് ടി-20 ക്യാപ്റ്റന്‍.

Content Highlight: Sunil Gavaskar Talking About Harshit Rana

We use cookies to give you the best possible experience. Learn more