| Thursday, 27th February 2025, 1:41 pm

മികച്ച പ്രകടനം നടത്തണമെങ്കില്‍ ബാബര്‍ ഒരു മാറ്റം മാത്രം നടത്തിയാല്‍ മതി; നിര്‍ദേശവുമായി സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് (വ്യാഴം) നടക്കാനിരിക്കുന്ന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ഇരു ടീമുകളും എ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇരുവരും അഭിമാന വിജയമാണ് ലക്ഷ്യം വെക്കുന്നത്.

പാകിസ്ഥാന് സൂപ്പര്‍ താരം ബാബര്‍ അസമിന് ടൂര്‍ണമെന്റില്‍ ഒരു മാച്ച് വിന്നിങ് പ്രകടനവും നടത്താന്‍ സാധിച്ചില്ലായിരുന്നു. പാകിസ്ഥാന് വേണ്ടി ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഓപ്പണിങ് റോളില്‍ ഇറങ്ങി 64 റണ്‍സും, ഇന്ത്യയ്‌ക്കെതിരെ 23 റണ്‍സുമാണ് ബാബര്‍ നേടിയത്.

ബാബറിന് മികച്ച ഫോമിലേക്ക് തിരിച്ചെത്തണെമങ്കില്‍ തന്റെ സ്റ്റാന്‍ഡ്‌സില്‍ മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

‘ബാബറിനെ ഉപദേശിക്കുകയാണെങ്കില്‍, ഒരു പ്രധാന മാറ്റത്തിന് ഞാന്‍ നിര്‍ദേശിക്കും. അവന്റെ സ്റ്റാന്‍ഡ്‌സ് വളരെ ലോങ്ങാണ്. കാലുകള്‍ക്കിടയിലുള്ള ദൂരം കുറയ്ക്കുന്നത് രണ്ട് തരത്തില്‍ അവനെ സഹായിക്കും. ഒന്നാമതായി, വിശാലമായ സ്റ്റാന്‍ഡ്‌സ് എടുക്കുന്നത് മുന്നിലും പിന്നിലുമുള്ള കാലുകള്‍ക്കിടയിലുള്ള ചലനം കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു.

രണ്ടാമതായി, കൂടുതല്‍ ബാലന്‍സ്ഡായ സ്റ്റാന്‍ഡ്‌സ് ശരീരനില മെച്ചപ്പെടുത്തുന്നു, കാലുകള്‍ക്ക് പെട്ടന്ന് ചലിക്കാന്‍ ഇത് അവനെ സഹായിക്കും, മികച്ച ഉയരവും അവന് ലഭിക്കും. നിങ്ങള്‍ കൂടുതല്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍, പന്തിന്റെ ബൗണ്‍സും ചലനവും നിങ്ങള്‍ക്ക് വളരെ നന്നായി വിലയിരുത്താന്‍ കഴിയും. ഒരു ഓപ്പണിങ് ബാറ്റര്‍ക്ക് മികച്ച ഉയരം അത്യാവശ്യമാണ്.

ബാബര്‍ തന്റെ സ്റ്റാന്‍സ് മെച്ചപ്പെടുത്തിയാല്‍, അദ്ദേഹത്തിന് ഒരിക്കല്‍ ഉണ്ടായിരുന്ന റണ്‍ സ്‌കോറിങ് ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് പാകിസ്ഥാനികള്‍ മാത്രമല്ല എല്ലാവരും അഭിനന്ദിക്കുന്ന ഒന്നാണ്. ഇന്ത്യയ്‌ക്കെതിരെ മിഡ്-വിക്കറ്റില്‍ ബാബര്‍ കളിച്ച ഷോട്ടുകള്‍ കാണാന്‍ ലോകം ആഗ്രഹിക്കുന്നു,’ സുനില്‍ ഗവാസ്‌കര്‍.

Content Highlight: Sunil Gavaskar Talking About Babar Azam

We use cookies to give you the best possible experience. Learn more