| Friday, 20th February 2026, 3:21 pm

ആദ്യ പന്തില്‍ തന്നെ അവന്‍ സിക്‌സോ ഫോറോ അടിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി ഗവാസ്‌കര്‍

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ അപരാജിതമായ കുതിപ്പാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ഒരു വശത്ത് ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമാണ് ടീമില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ താരം കളിച്ച മൂന്ന് മത്സരങ്ങളിലും ഡക്കായാണ് കൂടാരം കയറിയത്. ഇപ്പോള്‍ അഭിഷേക് ശര്‍മയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കുറച്ച് ഡോട്ട് ബോളുകള്‍ വന്നാല്‍ പ്രശ്‌നമില്ലെന്നും ഇന്നിങ്‌സിന്റെ ആദ്യ പന്തുകളില്‍ തന്നെ അഭിഷേക് സിക്‌സര്‍ നേടാന്‍ ശ്രമിക്കരുതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അഭിഷേക് ശര്‍മ

‘ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കുറച്ച് ഡോട്ട് ബോളുകള്‍ വന്നാലും പ്രശ്‌നമാക്കേണ്ട, മികച്ച ഷോട്ടുകള്‍ക്കായി ഒന്നോ രണ്ടോ ഓവറുകള്‍ വരെ കാത്തിരിക്കേണ്ടി വന്നാലും കുഴപ്പമില്ല. ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തുകളില്‍ തന്നെ സിക്‌സറോ ബൗണ്ടറിയോ നേടാന്‍ അഭിഷേക് ശ്രമിക്കരുത്. മികച്ച ഷോട്ടുകള്‍ അനുയോജ്യമായ അവസരം വന്നാല്‍ മാത്രം കളിക്കുക. അതുകൊണ്ടുതന്നെ വമ്പന്‍ ഷോട്ടുകള്‍ക്ക് താരത്തെ നിര്‍ബന്ധിക്കരുത്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം സൂപ്പര്‍ 8ലെ വമ്പന്‍ പോരാട്ടങ്ങള്‍ക്കായാണ് ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ്. ഫെബ്രുവരി 22ന് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ഇന്ത്യ ഓപ്പണറായി ആരെ പരീക്ഷിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

നിലവില്‍ ഫോം ഔട്ടായ അഭിഷേക് ശര്‍മയ്ക്ക് പകരമോ മൂന്നാം സ്ഥാനക്കാരന്‍ തിലക് വര്‍മയ്ക്ക് പകരമോ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിനുള്ള മികച്ച സ്റ്റാറ്റ്‌സ് താരത്തിന് അവസരം ലഭിക്കാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരാധകരും കരുതുന്നു.

Content Highlight: Sunil Gavaskar Talking About Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more