| Tuesday, 12th August 2025, 12:41 pm

ഗില്ലിന്റെ ഈ തീരുമാനം നല്ല സിഗ്‌നല്‍: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനം ടീമംഗങ്ങള്‍ക്ക് നല്ല സൂചനയാണ് നല്‍കുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഓഗസ്റ്റ് 28ന് തുടങ്ങുന്ന ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായാണ് താരം ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഈ ടൂര്‍ണമെന്റിലും ഗില്‍ കളിക്കാന്‍ തീരുമാനിച്ചതോടെയാണ് ഗവാസ്‌കര്‍ പ്രശംസയുമായി എത്തിയത്. സ്‌പോര്‍ട്‌സ് സ്റ്റാറിലെ തന്റെ കോളത്തിലാണ് അദ്ദേഹം ഗില്ലിന്റെ തീരുമാനത്തെ കുറിച്ച് സംസാരിച്ചത്.

‘ശുഭ്മന്‍ ഗില്‍ നോര്‍ത്ത് സോണ്‍ ടീമിനെ നയിക്കുന്നത് ഈ ടൂര്‍ണമെന്റിന് വലിയൊരു നേട്ടമാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിലൂടെ ഇന്ത്യന്‍ നായകന്‍ ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് ശരിയായ സൂചനയാണ് നല്‍കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അവന്‍ വിശ്രമം എടുത്തിരുന്നെങ്കില്‍ അത് പൂര്‍ണമായും മനസിലാക്കാവുന്നതേയുള്ളൂ,’ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം, ഗില്‍ ക്യാപ്റ്റനായുള്ള തന്റെ അരങ്ങേറ്റ പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയതിന് ശേഷമാണ് ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കുന്നതെന്നാണ് ശ്രദ്ധേയം. അഞ്ച് മത്സരങ്ങളായിരുന്നു ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഉണ്ടായിരുന്നത്. ഈ മത്സരങ്ങളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത് 754 റണ്‍സ് താരം നേടിയിരുന്നു.

ഈ പ്രകടനത്തോടെ ഗില്‍ പരമ്പരയിലെ റണ്‍ സ്‌കോറര്‍മാരില്‍ ഒന്നാമതാവുകയും ചെയ്തിരുന്നു. ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയായിരുന്നു താരം ഇത്രയും റണ്‍സെടുത്തത്. കൂടാതെ, മികച്ച പോരാട്ട വീര്യം പുറത്തെടുത്ത് പരമ്പര സമനിലയിലാക്കാനും ഗില്ലിന്റെ സംഘത്തിന് സാധിച്ചിരുന്നു. ഇതിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു.

‘പരമ്പരയില്‍ ഓര്‍ത്തിരിക്കാന്‍ ഒരുപാട് നിമിഷങ്ങളുണ്ട്. ഗില്ലിന്റെ ബാറ്റിങ് അതിലൊന്നാണ്. ഇത്രയും ശുദ്ധമായ ബാറ്റിങ് വളരെ അപൂര്‍വമായേ കാണാന്‍ കഴിയുകയുള്ളൂ. അവന്റെ ക്യാപ്റ്റന്‍സിയും മികച്ചതായിരുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Sunil Gavaskar says that Shubhman Gill’s decision to feature in Duleep Trophy is giving right signal to his team mates

We use cookies to give you the best possible experience. Learn more