ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് നായകനായപ്പോള്‍ താരത്തിന്റെ ഡെപ്യൂട്ടിയായി എത്തിയത് ഇന്ത്യന്‍ ടീം ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലാണ്. അക്സര്‍ പട്ടേലിനെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്.
ഇപ്പോള്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഈ തീരുമാനം മികച്ചതാണെന്നും ഇതിലൂടെ ഗില്ലിനെ ടി – 20 ക്യാപ്റ്റനായി വളര്‍ത്തിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗില്‍ ഇംഗ്ലണ്ടില്‍ 750ലേറെ റണ്‍സ് എടുത്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു താരത്തെ നമുക്ക് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. അവനെ ടി – 20 ക്യാപ്റ്റനാക്കാന്‍ ഒരുക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് മികച്ച ഒരു സെലക്ഷനാണ്.
കൂടാതെ, അവന്‍ ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് നടത്തിയത്. ടീമിനെ ആദ്യമായി നയിക്കുകയായിട്ടും സമ്മര്‍ദത്തിന് അടിമപ്പെട്ടില്ല. ഭാവിയില്‍ ഗില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ നായകനാവും,’ ഗവാസ്‌കര്‍ പറഞ്ഞു.
ശുഭ്മന്‍ ഗില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ടി -20യില്‍ ഇറങ്ങിയത് 2024ലാണ്. അന്ന് ഇന്ത്യ ശ്രീലങ്കക്കെതിരെ ഇറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നതും ഗില്ലായിരുന്നു. പിന്നീട് താരം ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു.
അതേസമയം, 15 അംഗ സ്‌ക്വാഡിനെയാണ് കഴിഞ്ഞ ദിവസം ബി.സി.സി.ഐ ഏഷ്യ കപ്പിനായി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ പേസ് അറ്റാക്കിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും ടീമിലെത്തി.
സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ഏഷ്യ കപ്പ് ആരംഭിക്കുക. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28ന് കലാശപോരോടെ ഏഷ്യയ്ക്ക് പുതിയ ചാമ്പ്യന്മാരെത്തും. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
Content Highlight: Sunil Gavaskar says praises making Shubhman Gill as vice captain of Indian Asia Cup squad