| Monday, 20th January 2025, 7:56 am

ഇന്ത്യയല്ല, ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാന്‍ നേടും, കാരണം... തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. അടുത്ത മാസം 19ന് ആരംഭിക്കുന്ന ക്രിക്കറ്റ് മാമാങ്കം മാര്‍ച്ച് ഒമ്പത് വരെ നീണ്ടുനില്‍ക്കും.

കഴിഞ്ഞ തവണ കിരീടം നേടിയ പാകിസ്ഥാനാണ് ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ആതിഥേയരാകുന്നത്. എന്നാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നയതന്ത്ര കാരണങ്ങളാല്‍ പാകിസ്ഥാന് പുറത്ത് ന്യൂട്രല്‍ വേദിയായ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ഇന്ത്യ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കളിക്കുക.

നോക്ക് ഔട്ട് റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ഈ മത്സരങ്ങളും പാകിസ്ഥാന് പുറത്ത് ഷെഡ്യൂള്‍ ചെയ്യാന്‍ ഐ.സി.സി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ സാധിക്കാത്ത പക്ഷം ലാഹോര്‍ കലാശപ്പോരാട്ടത്തിന് വേദിയാകും.

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

സുനില്‍ ഗവാസ്‌കര്‍.

ഇത്തവണയും പാകിസ്ഥാന്‍ കിരീടം നേടാനുള്ള സാധ്യതകള്‍ വളരെ വലുതാണെന്നാണ് ഗവാസ്‌കറിന്റെ നിരീക്ഷണം. സ്വന്തം തട്ടകത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുക പ്രയാസമാണെന്നാണ് ഗവാസ്‌കറിന്റെ അഭിപ്രായം.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്ഥാന്‍, അവരെയാണ് ഇത്തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ടീമായി കണക്കാക്കേണ്ടത്. കാരണം സ്വന്തം മണ്ണില്‍, ഹോം കണ്ടീഷനില്‍ അവരെ പരാജയപ്പെടുത്തുക ഏറെ ബുദ്ധിമുട്ടായിരിക്കും’

ഇന്ത്യയുടെ സമീപകാല പ്രകടനം കണക്കിലെടുത്ത് രോഹിത് ശര്‍മയും സംഘവും മികച്ചതാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. 2023 ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടേണ്ടി വന്നെങ്കിലും ഫൈനല്‍ വരെ അപരാജിതരായി കുതിച്ചതും അദ്ദേഹം ഓര്‍ത്തെടുത്തു.

ഇന്ത്യ മികച്ച ടീമാണെങ്കിലും ഹോം അഡ്വാന്റേജ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് തുണയാകുമെന്നാണ് ഗവാസ്‌കര്‍ വിശ്വസിക്കുന്നത്.

2023 ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാന്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയടക്കമുള്ള കരുത്തര്‍ ഗ്രൂപ്പ് എ-യുടെ ഭാഗമാണ്.

ഗ്രൂപ്പ് എ

  1. ബംഗ്ലാദേശ്
  2. ഇന്ത്യ
  3. ന്യൂസിലാന്‍ഡ്
  4. പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

  1. അഫ്ഗാനിസ്ഥാന്‍
  2. ഓസ്‌ട്രേലിയ
  3. ഇംഗ്ലണ്ട്
  4. സൗത്ത് ആഫ്രിക്ക

ഫെബ്രുവരി 19നാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരം കളിക്കുക. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് പാകിസ്ഥാന്റെ എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ആദ്യ മത്സരം: ഫെബ്രുവരി 19 vs ന്യൂസിലാന്‍ഡ് – നാഷണല്‍ സ്റ്റേഡിയം കറാച്ചി.

രണ്ടാം മത്സരം: ഫെബ്രുവരി 23 vs ഇന്ത്യ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

അവസാന മത്സരം: ഫെബ്രുവരി 24 vs ബംഗ്ലാദേശ് – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

Content Highlight: Sunil Gavaskar says Pakistan is the favorites in ICC Champions Trophy

We use cookies to give you the best possible experience. Learn more