| Monday, 29th June 2026, 3:05 pm

ഇംഗ്ലണ്ടിനെതിരെ വൈഭവിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കൂ; ബാറ്റിങ് നിരയില്‍ മാറ്റം നിര്‍ദേശിച്ച് ഗവാസ്‌കര്‍

ഫസീഹ പി.സി.

ഇംഗ്ലണ്ടിനെതിനെയുള്ള ടി – 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തില്‍ തന്നെ അട്ടിമറിക്കണമെങ്കില്‍ വൈഭവിന്റെ സാന്നിധ്യം അനിവാര്യമാണെന്നും അതിനാല്‍ ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച തുടക്കം നല്‍കിയിട്ടുള്ള സഞ്ജു സാംസണിനെയും അഭിഷേക് ശര്‍മയെയും രണ്ട് മത്സരങ്ങളുടെ ഒഴിവാക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ഫോമില്ലാത്ത ഏതെങ്കിലും ഒരു മധ്യനിര ബാറ്ററെ ഒഴിവാക്കി അവനെ കളിപ്പിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ടേക്കില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘വൈഭവ് സൂര്യവംശിയെ ആദ്യ മത്സരത്തില്‍ തന്നെ ഉള്‍പ്പെടുത്തണം. അത് വളരെ ലളിതമായ ഒരു കാര്യമാണ്. ഫോമിലല്ലാത്ത ബാറ്റര്‍മാരെ മാറ്റിനിര്‍ത്തി പകരം അവനെ കളിപ്പിക്കുക. ഒന്നുകില്‍ അവനെ ഓപ്പണറായി ഇറക്കുക, അല്ലെങ്കില്‍ മൂന്നാമനായി ഇറക്കണം. ജൂലൈ ഒന്നിന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ അവന്‍ കളിക്കേണ്ടത് അനിവാര്യമാണ്. ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തില്‍ തന്നെ അട്ടിമറിക്കണമെങ്കില്‍ അവന്റെ സാന്നിധ്യം നിര്‍ബന്ധമാണ്.

ആദ്യ മത്സരത്തില്‍ തന്നെ വൈഭവ് പെട്ടെന്ന് പുറത്താകാന്‍ സാധ്യതയുണ്ട്. അത് സംഭവിച്ചേക്കാം. പക്ഷേ, അവന്‍ ഫോമിലായാല്‍ ഇംഗ്ലണ്ട് ടീം ഒന്ന് വിറയ്ക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കങ്ങളാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ വെറും രണ്ട് മത്സരങ്ങളുടെ പേരില്‍ അവരെ ഒഴിവാക്കുന്നത് ശരിയല്ല.

എന്നാല്‍ ഫോമിലല്ലാത്ത ഏതെങ്കിലും ഒരു മധ്യനിര ബാറ്ററെ ഒഴിവാക്കി വൈഭവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാവുന്നതേയുള്ളൂ. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവും കാണുന്നില്ല. വൈഭവ് മൂന്നാമനായി കളിക്കുകയാണെങ്കില്‍, ഇഷാന്‍ കിഷനെ നാലാമനായും ശ്രേയസ് അയ്യരെ അഞ്ചാമനായും ഇറക്കി ബാറ്റിങ് നിര ക്രമീകരിക്കാം,’ ഗവാസ്‌കര്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

അയര്‌ലാന്ഡിനെതിരെയുള്ള ടി – 20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇരുമത്സരങ്ങളിലും തോറ്റാണ് ടീമിന് പരമ്പര കൈവിട്ടത്. ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇംഗ്ലണ്ടതിരെയുള്ള പരമ്പരയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Content Highlight: Sunil Gavaskar says India should play Vaibhav Sooryavanshi in first T20I against England

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more