| Friday, 5th September 2025, 3:01 pm

എന്തുകൊണ്ട് സഞ്ജു ടീമിലുണ്ടാവണം? കാരണങ്ങൾ എണ്ണിപറഞ്ഞ് ഗവാസ്കർ

സ്പോര്‍ട്സ് ഡെസ്‌ക്

മൂന്നാം നമ്പറില്‍ കളിക്കാന്‍ കഴിവുള്ളയാളാണ് സഞ്ജു സാംസണ്‍ എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ടീമിന് ആവശ്യമെങ്കിലും ഫിനിഷറായും താരത്തെ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണി സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘കഴിവുള്ള രണ്ട് ബാറ്റര്‍മാരുണ്ടാകുമ്പോള്‍ താരങ്ങളെ തെരഞ്ഞെടുക്കുകയെന്നത് ഏതൊരു സെലക്ഷന്‍ കമ്മിറ്റിക്കും ബുദ്ധിമുട്ടാണ്. സഞ്ജു സാംസണിനെ പോലെ ഒരാള്‍ മൂന്നാമനായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമാണ്. ആവശ്യമെങ്കില്‍ അവനെ ആറാം സ്ഥാനത്ത് ഫിനിഷര്‍ എന്ന നിലയിലും ഇറക്കാനാവും.

ഇത് ശരിക്കും സെലക്ടര്‍മാര്‍ക്ക് ഒരു തലവേദനയാണ്. ഐ.പി.എല്ലില്‍ ജിതേഷ് ശര്‍മയും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ, സഞ്ജു തന്നെ ടീമിലെത്തുമെന്നാണ് എനിക്ക് തോന്നുന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ഗവാസ്കർ പിന്തുണച്ചു. താരം ഐ.പി.എല്ലിൽ കളിച്ച രീതി മികച്ചതായിരുന്നു. ടി – 20യിൽ അവന് കഴിവുണ്ടെന്നതിൽ ഒരു സംശയവുമില്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ 750ന് മുകളിൽ റൺസെടുത്തത് ഈ ടൂർണമെന്റിന് ഒരു ശുഭ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം – മുഹമ്മദ് കൈഫ്

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് സഞ്ജുവിന് മൂന്നാം സ്ഥാനത്ത് അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തിരുന്നു.

‘അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമായിരിക്കും ഏഷ്യാ കപ്പില്‍ ഓപ്പണിങ്ങില്‍ എത്തുക. മൂന്നാം നമ്പറില്‍ സഞ്ജു എത്തട്ടെ. തിലക് വര്‍മ ഒരു യുവതാരമാണ്. അവന്‍ അവസരത്തിനായി വീണ്ടും കാത്തിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്.

സഞ്ജു അനുഭവപരിചയമുള്ള ഒരു താരമാണ്. മൂന്നാം നമ്പറില്‍ സ്ഥിരമായി അവന് അവസരം നല്‍കി അദ്ദേഹത്തെ വളര്‍ത്തിയെടുക്കണം. ആറ് മാസത്തിന് ശേഷം ലോകകപ്പ് വരാനുണ്ട്. സഞ്ജു ഒരു അവസരം അര്‍ഹിക്കുന്നുണ്ട്,’ കൈഫ് പറഞ്ഞു.

സഞ്ജുവിന്റെ ഏഷ്യാ കപ്പ് സാധ്യതകള്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും താരത്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്തിലാണ്. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയതാണ് ഇതിന് കാരണം. ടൂര്‍ണമെന്റില്‍ ഗില്‍ ഓപ്പണിങ്ങില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു ഓപ്പണിങ്ങില്‍ എത്തിയതിന് കാരണം ഗില്ലും യശസ്വി ജെയ്‌സ്വാളും ഇല്ലാത്തതാണ് എന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ താരം ഓപ്പണിങ്ങില്‍ എത്തില്ലെന്ന് ഏറെ കുറെ ഉറപ്പാണ്.

മൂന്നാം നമ്പറിലാണ് താരത്തിന് മറ്റൊരു സാധ്യതയുള്ളത്. പക്ഷേ, കഴിഞ്ഞ മത്സരങ്ങളില്‍ ഈ സ്ഥാനത്ത് ബാറ്റിങ്ങിനെത്തിയ തിലക് വര്‍മ്മ മികച്ച ബാറ്റിങ്ങാനാണ് പുറത്തെടുത്തിട്ടുള്ളത്. കൂടാതെ, ഇടം കൈയ്യന്‍ ബാറ്റര്‍ ഐ.സി.സി ടി – 20 ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാമതുണ്ട്. ഇതും സഞ്ജുവിന് മുമ്പില്‍ വലിയ വെല്ലുവിളിയാണ്.

അങ്ങനെയെങ്കില്‍ താരത്തിന് ആദ്യ നാലില്‍ അവസരം ലഭിക്കില്ല. ഇതാണ് സാഹചര്യം എങ്കില്‍ താരത്തിന് അഞ്ചോ ആറോ സ്ഥാനങ്ങളില്‍ ബാറ്റിങ് ചെയ്യേണ്ടി വരും. പക്ഷേ, രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ എത്തിയ ജിതേഷ് ശര്‍മയുടെ ഫോം സഞ്ജുവിന് കടുത്ത വെല്ലുവിളിയാണ്.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Sunil Gavaskar says India could play Sanju Samson in no.3 in Asia Cup

We use cookies to give you the best possible experience. Learn more