| Saturday, 29th April 2023, 8:18 pm

അവന്‍ ധോണിയെ പോലെയാണ്; ഐ.പി.എല്‍ സ്റ്റാര്‍ ക്യാപ്റ്റനെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഐ.പി.എല്‍ സീസണിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണിലും താരമായി തിളങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ ഐ.പി.എല്ലില്‍ ഗുജറാത്തിന് കന്നി കിരീടം നേടിക്കൊടുത്ത ഹര്‍ദിക് ഇത്തവണ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കാം ആന്‍ഡ് കൂള്‍ ആറ്റിറ്റിയൂഡ് കൊണ്ടും ശ്രദ്ധ നേടുന്നുണ്ട്.

ഹര്‍ദികിനെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയോട് ഉപമിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
ചില ക്യാപ്റ്റന്മര്‍ തന്റെ വ്യക്തിത്വത്തിനനുസരിച്ച് ടീമിനെ മാറ്റാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ ഹര്‍ദിക് തന്റെ വ്യക്തിത്വം ടീമിന് മേല്‍ അടിച്ചേല്‍പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിനോടുള്ള ഹര്‍ദിക്കിന്റെ സമീപനം എം.സ്. ധോണിയോട് സമാനമാണെന്നും സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

‘ചിലപ്പോള്‍ ക്യാപ്റ്റന്മാര്‍ അവരുടെ പേഴ്‌സണാലിറ്റിയും ടീമിന്റെ പേഴ്‌സണാലിറ്റിയും ഒരുപോലെ കൊണ്ടുപോകാന്‍ നോക്കാറുണ്ട്. എന്നാല്‍ ക്യാപ്റ്റന്റേയും ടീമിന്റെയും പേഴ്‌സണാലിറ്റി ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും. ഹര്‍ദിക് അവന്റെ വ്യക്തിത്വം ടീമിലേക്ക് അടിച്ചേല്‍പിക്കാന്‍ നോക്കാറില്ല. അതാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ ഹാര്‍ദിക് ചെയ്യുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ അവന്റെ ലെഗസി അതായിരിക്കും. ടീമിനോടുള്ള അവന്റെ അപ്രോച്ചില്‍ എം.എസ്. ധോണിയുമായി നല്ല സാമ്യമുണ്ട്. മുന്‍ ക്യാപ്റ്റനില്‍ നിന്നും നല്ല ഗുണങ്ങള്‍ ഹര്‍ദിക് നേടിയിട്ടുണ്ട്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 179 റണ്‍സാണ് നേടിയത്. 39 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സ് നേടിയ റഹ്‌മനുള്ള ഗുര്‍ബാസാണ് കെ.കെ.ആറിലെ ടോപ്പ് സ്‌കോറര്‍. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജോഷ് ലിറ്റിലും നീര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 24 പന്തില്‍ 51 റണ്‍സെടുത്ത വിജയ് ശങ്കറും 35 പന്തില്‍ 49 റണ്ഡസെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ഗുജറാത്തിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. കെ.കെ.ആറിനായി ഹര്‍ഷിദ് റാണയും ആന്ദ്രെ റസലും സുനില്‍ നരെയ്‌നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Sunil Gavaskar praised the IPL star captain hardic pandya 

We use cookies to give you the best possible experience. Learn more