ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ ബൗണ്ടറി ലൈനിന്റെ വലിപ്പ്ം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശവുമായി മുന്‍ നായകനും ഇന്ത്യന്‍ ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കര്‍. 2027 ലോകകപ്പിന് മുമ്പ് ബി.സി.സി.ഐ ഇക്കാര്യം തീര്‍ച്ചയായും ചെയ്യണമെന്നും നമ്മുടെ ബാറ്റര്‍മാര്‍ ആ സാഹചര്യത്തോട് പൊരുത്തപ്പെടണമെന്നും ക്രിക്കറ്റ് അനലിസ്റ്റ് കൂടിയായ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പരമ്പര പരാജയത്തോടെയാണ് ലിറ്റില്‍ മാസ്റ്ററിന്റെ നിര്‍ദേശം.
‘ഇന്ത്യയിലെ പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിന് ബൗണ്ടറി ലൈനിന്റെ വലിപ്പം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ബാറ്റര്‍മാര്‍ ആ സാഹചര്യത്തോട് പൊരുത്തപ്പെടേണ്ടതുണ്ട്.
മിക്കവാറും എല്ലാ ഗ്രൗണ്ടുകളിലും എല്‍.ഇ.ഡി പരസ്യ ബോര്‍ഡുകള്‍ക്ക് പിന്നില്‍ നടക്കാന്‍ ധാരാളം സ്ഥലമുണ്ട്. അതിനാല്‍ ഈ സ്ഥലം ഉപയോഗപ്പെടുത്തിയാല്‍ ബൗണ്ടറി ലൈനിന്റെ വലിപ്പം സ്വയമേവ വര്‍ധിക്കുമെന്ന് ഇത് നിങ്ങളോട് പറയുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.
2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ജോ റൂട്ട് തകര്‍ത്തടിച്ച പരമ്പരയില്‍ വിജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഗില്ലിന്റെയും സംഘത്തിന്റെയും പരാജയം.
ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ലീഡ് നേടിയിരുന്നു. ജോ റൂട്ടിന്റെയും ലിയാം ഡോവ്‌സണിന്റെയും അര്‍ധ സ ഞ്ച്വെറികള്‍ക്ക് ശുഭ്മന്‍ ഗില്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഫിഫ്റ്റികളിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
ജോ റൂട്ട്
കാര്‍ഡിഫില്‍ നടന്ന രണ്ടാം രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന് വിജയിച്ച് ആതിഥേയര്‍ പരമ്പരയിലൊപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സിന്റെ വിജയലക്ഷ്യം 35 പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. പുറത്താകാതെ 99 റണ്‍സുംമായി ജോ റൂട്ട് കളിയിലെ താരവുമായി.
ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലെ അവസാന മത്സരം ആരാധകരെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ വിരുന്ന് തന്നെയായിരുന്നു. റണ്ണൊഴുകിയ ലോര്‍ഡ്‌സിന്റെ പിച്ചില്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുിത്തില്‍ (135 പന്തില്‍ 141) ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തി. ഒപ്പം ജേകബ് ബേഥല്‍ (93 പന്തില്‍ 91), ജോ റൂട്ട് (48 പന്തില്‍ 74) എന്നിവരുടെ ഇന്നിങ്‌സുമായതോടെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387ലെത്തി.
ബെന്‍ ഡക്കറ്റ്
സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറിയിലൂടെ തന്നെ എന്നതായിരുന്നു ഇന്ത്യയുടെ ലൈന്‍. ഇന്നാളുവരെ കേട്ട കുത്തുവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും രോഹിത് ശര്‍മ ലോര്‍ഡ്‌സില്‍ ഹിറ്റ്മാനായി മറുപടി നല്‍കി. 110 പന്ത് നേരിട്ട താരം 138 റണ്‍സുമായാണ് കളം വിട്ടത്. ടോപ്പ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്ലും (84 പന്തില്‍ 77), വിരാട് കോഹ്‌ലിയും (60 പന്തില്‍ 74) മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയം കണ്‍മുമ്പില്‍ കണ്ടു.
രോഹിത് ശര്‍മ
എന്നാല്‍ ഇവര്‍ പുറത്താവുകയും മിഡില്‍ ഓര്‍ഡര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ ക്രിക്കറ്റിന്റെ മക്കയിലെ വിജയവും പരമ്പരയും ത്രീ ലയണ്‍സിന് മുമ്പില്‍ അടിയറവ് വെക്കുകയായിരുന്നു.
സെപ്റ്റംബറിലാണ് ഇന്ത്യ അടുത്ത ഏകദിന പരമ്പര കളിക്കുക. തിരുവനന്തപുരമടക്കം വേദിയാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കരിബീയിന്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.
Content Highlight: Sunil Gavaskar gives new suggestion to BCCI ahead of 2027 ODI World Cup