| Tuesday, 24th March 2026, 11:00 am

ചില വിദേശ കളിക്കാര്‍ അവരുടെ ഫ്രാഞ്ചൈസികളെ നിസാരമായി കാണുന്നു; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

ശ്രീരാഗ് പാറക്കല്‍

2026ലെ ഐ.പി.എല്‍ സീസണിന് മുന്നോടിയായി ചില വിദേശ താരങ്ങള്‍ ഫ്രാഞ്ചൈസികളില്‍ ചേരാത്തതില്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. ചില വിദേശ കളിക്കാര്‍ അവരുടെ ഫ്രാഞ്ചൈസികളെ നിസാരമായി കാണുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

പരിക്കുകളോ വ്യക്തിപരമായ കാര്യങ്ങളോ ഒഴികെയുള്ള ചില കളിക്കാര്‍ ടീമിലെത്താന്‍ വൈകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കളിക്കാര്‍ക്കെതിരെ ടീം ഉടമകള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

‘ചില വിദേശ കളിക്കാര്‍ അവരുടെ ഫ്രാഞ്ചൈസികളെ നിസാരമായി കാണുന്നു. പരിക്കുകളോ വ്യക്തിപരമായ കാര്യങ്ങളോ ഒഴികെ മറ്റ് കാരണങ്ങളാല്‍ അവര്‍ ടീമിലെത്തുന്നില്ല. ടീം ഉടമകള്‍ പലപ്പോഴും അവരെ ഉള്‍ക്കൊള്ളാന്‍ അധിക ദൂരം പോകുന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക്, മതീഷ പതിരാന, പാറ്റ് കമ്മിന്‍സ്‌

ഈ കോടീശ്വരന്‍ കളിക്കാര്‍ക്ക് യാതൊരു ചെലവുമില്ല, അവരുടെ കുടുംബങ്ങളുടെ യാത്രയും താമസവും പോലും മാനേജ്‌മെന്റ് വഹിക്കുന്നു. ഇത് ഇന്ത്യന്‍ ആതിഥ്യമര്യാദയുടെ ഭാഗമാണ്, പക്ഷേ ചില കളിക്കാര്‍ ഇത് ചൂഷണം ചെയ്യുന്നു. അത്തരം കളിക്കാര്‍ക്കെതിരെ ടീം ഉടമകള്‍ ഉറച്ച നിലപാട് സ്വീകരിക്കണം,’ ഗവാസ്‌കര്‍ തന്റെ സ്‌പോര്‍ട്‌സ് സ്റ്റാര്‍ കോളത്തില്‍ എഴുതി.

ഐ.പി.എല്ലിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ. എന്നാല്‍ പല വിദേശ കളിക്കാരും പരിക്കിന്റെ പിടിയിലാണ്. മാത്രമല്ല കളിക്കാരുടെ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് എന്‍.ഒ.സി ലഭിക്കാത്ത താരങ്ങളുമുണ്ട്.

ആര്‍.സി.ബിയുടെ ജോഷ് ഹേസല്‍വുഡ്, എസ്.ആര്‍.എച്ചിന്റെ പാറ്റ് കമ്മിന്‍സ്, രാജസ്ഥാന്‍ റോയല്‍സിന്റെ സാം കറന്‍, ദല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, കൊല്‍ക്കത്തയുടെ മതീഷ പതിരാന തുടങ്ങിയ താരങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല. പരിക്ക് പറ്റിയ താരങ്ങള്‍ ഒഴികെ മറ്റുതാരങ്ങള്‍ പെട്ടന്ന് തന്നെ ഫ്രാഞ്ചൈസിയില്‍ എത്തുമെന്നാണ് മാനേജ്‌മെന്റ് കരുതിയത്.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: Sunil Gavaskar Criticize Some overseas players In IPL
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more