| Thursday, 29th January 2026, 10:57 am

ക്രീസില്‍ വിക്കറ്റും കാണിച്ച് വെറുതെ നില്‍ക്കുകയാണ്; സഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍

ആദര്‍ശ് എം.കെ.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ കിവികള്‍ 50 റണ്‍സിന്റെ വിജയം നേടിയിരുന്നു. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 165ന് പുറത്തായി.

മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരുന്നു. 15 പന്ത് നേരിട്ട താരം മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 24 റണ്‍സ് നേടിയാണ് മടങ്ങിയത്.

ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാം താരമായിരുന്നിട്ടും സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സഞ്ജു പുറത്തായ രീതിയെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്.

മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ബൗള്‍ഡായാണ് വിക്കറ്റ് കീപ്പര്‍ തിരിച്ചുനടന്നത്. ക്രീസിലെ ഫൂട്‌വര്‍ക്കിന്റെ അഭാവം താരത്തിന് തിരിച്ചടിയായി. ഇക്കാര്യമാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്.

‘എന്റെ ആദ്യ കാഴ്ചയില്‍ അവന് ഒരു തരത്തിലുമുള്ള ഫൂട്‌വര്‍ക്കുകളും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാകുന്നത്. പന്ത് ഏതെങ്കിലും തരത്തില്‍ ടേണ്‍ ചെയ്തുവെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല.

സഞ്ജു ക്രീസില്‍ വെറുതെ നില്‍ക്കുകയും, ഓഫ് സൈഡിലൂടെ ബൗളര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു എന്നാണ് എന്റെ പ്രഥമ ധാരണ,’ ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞു.

സുനില്‍ ഗവാസ്‌കര്‍

‘ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡില്‍ സ്‌പേസ് ഉണ്ടാക്കി ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ സഞ്ജു തന്റെ മൂന്ന് സ്റ്റംപുകളും ബൗളര്‍ക്ക് മുന്നില്‍ എക്‌സ്‌പോസ് ചെയ്യുകയാണ്. ഈ പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു ഇത്തരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. സ്പിന്‍ ബൗളര്‍മാരെ നേരിടുമ്പോള്‍ ഒരു ഫൂട് വര്‍ക്കുകളും ഇല്ലാത്തത് ഏറെ അപകരമാണ്,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വിശാഖപട്ടണത്തില്‍ നടന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ബ്ലാക് ക്യാപ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്ത് നേരിട്ട താരം 62 റണ്‍സിന് പുറത്തായി.

ഡെവോണ്‍ കോണ്‍വേ 23 പന്തില്‍ 44 റണ്‍സും ഡാരില്‍ മിച്ചല്‍ 18 പന്തില്‍ പുറത്താകാതെ 39 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് 215 റണ്‍സ് നേടി.

ജസ്പ്രീത് ബുംറയെ അടക്കം തല്ലി പതം വരുത്തിയാണ് കിവീസ് സ്‌കോര്‍ ഉയര്‍ത്തിയത്. ബുംറ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി. ഹര്‍ഷിത് റാണ 54 റണ്‍സും രവി ബിഷ്‌ണോയ് 49 റണ്‍സും കുല്‍ദീപ് യാദവ് 39 റണ്‍സും വിട്ടുകൊടുത്തു. 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായി. മാറ്റ് ഹെന്‌റിയാണ് കിവീസിന് തുടക്കത്തിലേ ബ്രേക് ത്രൂ നല്‍കിയത്.

രണ്ട് മികച്ച ഇന്നിങ്‌സുകള്‍ക്ക് ശേഷം സൂര്യ എട്ട് പന്തില്‍ എട്ട് റണ്‍സിന് മടങ്ങി. ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട റിങ്കു സിങ്ങിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതിനിടെ സഞ്ജു സാംസണും പിന്നാലെയെത്തിയ ഹര്‍ക് പാണ്ഡ്യയും (അഞ്ച് പന്തില്‍ രണ്ട്) പുറത്തായി.

ആറാം നമ്പറിലെത്തിയ ശിവം ദുബെയുടെ വെടിക്കെട്ടിനാണ് ശേഷം മത്സരം സാക്ഷ്യം വഹിച്ചത്. ഏഴ് സിക്‌സറും മൂന്ന് ഫോറും അടക്കം 23 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. ഒരുവേള ദുബെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും താരം റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.

ഒടുവില്‍ ഇന്ത്യ 18.4 ഓവറില്‍ 165ന് പുറത്തായി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സീരീസ് സ്വന്തമാക്കി കഴിഞ്ഞു. ജനുവരി 31നാണ് പരമ്പരയിലെ അവസാന മത്സരം. തിരുവനന്തപുരമാണ് വേദി.

Content Highlight: Sunil Gavaskar criticize Sanju Samson

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more