| Sunday, 9th August 2026, 10:36 pm

ഐ.പി.എല്ലില്‍ മുഴുവനും ഫിറ്റായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി കളിക്കേണ്ട സമയത്ത് പരിക്ക്; രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐ.പി.എല്ലിന്റെ മുഴുവന്‍ സീസണും കളിക്കാന്‍ മതിയായ ഫിറ്റ്‌നസ് ഉണ്ടാകുമെന്നും എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട സമയമാകുമ്പോള്‍ പെട്ടെന്ന് അവര്‍ക്ക് പരിക്കേല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിഴ ചുമത്തണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. താരങ്ങള്‍ക്ക് ഐ.പി.എല്ലിന്റെ മുഴുവന്‍ സീസണും കളിക്കാന്‍ മതിയായ ഫിറ്റ്‌നസ് ഉണ്ടാകും. എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട സമയമാകുമ്പോള്‍ പെട്ടെന്ന് അവര്‍ക്ക് പരിക്കേല്‍ക്കുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനായിരിക്കണം എപ്പോഴും പ്രഥമ പരിഗണന നല്‍കേണ്ടത്. ഐ.പി.എല്ലിന് അതിന് ശേഷം മാത്രമേ സ്ഥാനം നല്‍കാവൂ.

ഇന്ത്യയ്ക്കായി കളിക്കേണ്ട അവസരങ്ങളില്‍ തുടരെ തുടരെ ടീമില്‍ ലഭ്യമാകാത്തതും, ഐ.പി.എല്ലിലുടനീളം ഫിറ്റായി കളിക്കാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ കര്‍ശന നടപടി സ്വീകരിക്കണം. അത്തരത്തിലുള്ള താരങ്ങള്‍ക്ക് പിഴ ചുമത്തുകയും വേണം,’ ഗവാസ്‌കര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം കടപ്പാട്: ബി.സി.സി.ഐ/എക്സ്

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയ്ക്ക് മുന്നോടിയായുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതേസമയം പരിശീലനത്തില്‍ പരിക്ക് പറ്റിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാല്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

Content Highlight: Sunil Gavaskar Criticize Indian Players

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more