| Tuesday, 13th May 2025, 12:32 pm

അവര്‍ ലോകകപ്പ് കളിക്കില്ല, എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ ടീമിന് പുറത്താക്കാന്‍ ദൈവത്തിന് പോലും സാധിക്കില്ല; തുറന്നടിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ഇരുവരും ലോകകപ്പ് കളിക്കാന്‍ സാധ്യത കാണുന്നില്ലെന്നും എന്നാല്‍ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇരുവരെയും പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ഗെയിമിന്റെ ഈ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്താന്‍ അവന് സാധിച്ചിട്ടുണ്ട്. സെലക്ടര്‍മാരുടെ മനസില്‍ 2027 ഏകദിന ലോകകപ്പ് തന്നെയായിരിക്കും. അവര്‍ക്ക് 2027 ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമോ എന്നായിരിക്കും സെലക്ടര്‍മാരും ചിന്തിക്കുക.

അവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കുമോ? ഇതുവരെ ടീമിന് നല്‍കിയതുപോലുള്ള സംഭാവനകള്‍ തുടര്‍ന്നും നല്‍കാനാകുമോ? ഇതെല്ലാമായിരിക്കും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുക.

അവര്‍ക്ക് അതിന് സാധിക്കും എന്നാണ് സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തുന്നതെങ്കില്‍ അവര്‍ രണ്ട് പേരും ലോകകപ്പിലുണ്ടാകും,’ സ്‌പോര്‍ട്‌സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അവര്‍ ലോകകപ്പ് കളിക്കില്ല എന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ഇല്ല, അവര്‍ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സത്യസന്ധമായാണ് ഞാന്‍ പറയുന്നത്. ആര്‍ക്കറിയാം, അടുത്ത വര്‍ഷങ്ങളില്‍ അവര്‍ മികച്ച ഫോമില്‍ കളിക്കുകയും തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടുകയും ചെയ്താല്‍ അവരെ പുറത്താക്കാന്‍ ദൈവത്തിന് പോലും സാധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ കളിക്കുന്നതിനെ കുറിച്ച് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നേരത്തെ സംസാരിച്ചിരുന്നു.

‘ഇപ്പോള്‍ ഇത് പറയുന്നത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഞാന്‍ എല്ലാ വാതിലുകളും തുറന്നിടുകയാണ്. ഞാന്‍ എത്രത്തോളം മികച്ച രീതിയില്‍ കളിക്കുന്നുവെന്ന് എനിക്ക് സ്വയം പരിശോധിക്കണം.

നിലവില്‍ ഞാന്‍ വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. ഈ ടീമിനൊപ്പം കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നു. ഈ ടീം എന്റെ കമ്പനിയും ആസ്വദിക്കുന്നു. എല്ലാം വളരെ മികച്ചതാണ്.

2027 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല, ഇത് ഏറെ ദൂരെയാണ്. എന്നിരുന്നാലും ഞാന്‍ എല്ലാ വാതിലുകളും തുറന്നിടുകയാണ്,’ എന്നായിരുന്നു രോഹിത് പറഞ്ഞത്.

2027 ലോകകപ്പ് വിജയിക്കുകയാണ് അടുത്ത വലിയ ലക്ഷ്യമെന്നായിരുന്നു കോഹ്‌ലി മുമ്പ് പറഞ്ഞത്.

‘നെക്സ്റ്റ് ബിഗ് സ്റ്റെപ്പ്? എനിക്കറിയില്ല, ചിലപ്പോള്‍ 2027 ലോകകപ്പ് വിജയിക്കുന്നതായിരിക്കും,’ വിരാട് പറഞ്ഞു.

Content Highlight: Sunil Gavaskar about Virat Kohli and Rohit Sharma playing 2027 ODI World Cup

Latest Stories

We use cookies to give you the best possible experience. Learn more