ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിദേശ ക്ലബിലേക്ക് പോകുന്നു. പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബി ടീമിലേക്കാണ് ഛേത്രി പോകുന്നത്. ഇതിന്റെ ഭാഗമായി ഛേത്രി രണ്ടു വര്‍ഷത്തെ കരാറും ഒപ്പിട്ടുകഴിഞ്ഞു.
പോര്‍ച്ചുഗീസ് രണ്ടാം ഡിവിഷന്‍ ലീഗിലാണ് ടീം കളിക്കുന്നത്. മോഹന്‍ ബഗാന്‍ താരമായ സുനില്‍ ഛേത്രിയുടെ കഴിഞ്ഞ സീസണിലെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. അന്ന് അഞ്ച് ഗോളുകള്‍ മാത്രമായിരുന്നു നേടാനായത്.
ഏറെ നാളായുള്ള തന്റെ ആഗ്രഹമായിരുന്നു യൂറോപ്യന്‍ ടീമില്‍ കളിക്കുകയെന്നതെന്ന് സുനില്‍ ഛേത്രി പ്രതികരിച്ചു. തന്റെ സ്വപ്നം യാഥാര്‍ഥ്യമായെന്നും സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ മികവ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിന് വേണ്ടി 58 കളികളില്‍ നിന്നായി 33 ഗോളുകള്‍ സുനില്‍ ഛേത്രി നേടിയിട്ടുണ്ട്.