| Sunday, 30th August 2026, 2:33 pm

ബ്രസീല്‍, ഉറുഗ്വേ, പനാമ എന്നീ ടീമുകള്‍ക്കെതിരെ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളോട് അസൂയയുണ്ട്: സുനില്‍ ഛേത്രി

സുദേവ് എ

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചരിത്രപരമായ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെയും രണ്ട് തവണ ലോകം കീഴടക്കിയ ഉറുഗ്വേക്കെതിരെയുമാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

ഈ വമ്പന്മാര്‍ക്കൊപ്പം പനാമക്കെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. സെപ്റ്റംബര്‍ 26നാണ് ഇന്ത്യ-പനാമ മത്സരം നടക്കുന്നത്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍-ഇന്ത്യ ചരിത്ര പോരാട്ടം അരങ്ങേറുക. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേക്കെതിരെ പന്തുതട്ടാനിറങ്ങുന്നത്.

ഇപ്പോള്‍ ഇന്ത്യ ഈ വലിയ ടീമുകള്‍ക്കെതിരെ കളിക്കാന്‍ പോവുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രി. ഇന്ത്യക്ക് ഈ മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ തനിക്ക് അല്പം അസൂയ തോന്നുണ്ടെന്നാണ് ഛേത്രി പറഞ്ഞത്. 20 വര്‍ഷത്തോളം നീണ്ട കരിയറില്‍ തനിക്ക് ഇത്രയും വലിയ അവസരം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഇതിഹാസം വ്യക്തമാക്കി. 2026 ഇന്ത്യന്‍ ഫുട്‌ബോള്‍ അവാര്‍ഡ് ദാന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സുനില്‍ ഛേത്രി.

‘ബ്രസീല്‍, ഉറുഗ്വേ, പനാമ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ പോവുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നാല്‍ ചെറിയൊരു അസൂയയും തോന്നുന്നുണ്ട്. 24-26 വര്‍ഷത്തെ എന്റെ പ്രൊഫഷണല്‍ കരിയറിലും 20 വര്‍ഷത്തെ ദേശീയ ടീം കരിയറിലും എനിക്ക് ഇത്തരത്തിലൊരു അവസരം ലഭിച്ചിട്ടില്ല. അതിനാലാണ് എനിക്ക് ചെറിയൊരു അസൂയ തോന്നുന്നത്.

എങ്കിലും നമ്മുടെ താരങ്ങള്‍ ഈ മത്സരത്തിനായി മികച്ച ഫിറ്റ്‌നസോടെ തയ്യാറാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ പരമാവധി അവര്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മത്സരങ്ങളില്‍ നിന്നും അവര്‍ക്ക് പഠിക്കാനും അനുഭവം നേടാനും സാധിക്കട്ടെ. ഇത് അവര്‍ക്ക് വളരെ മികച്ച ഒരു അവസരമാണ്,’ സുനില്‍ ഛേത്രി പറഞ്ഞു.

ഇന്ത്യക്കായി 2005ല്‍ അരങ്ങേറ്റം കുറിച്ച ഛേത്രി ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയറാണ് കെട്ടിപടുത്തുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഛേത്രി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ് ഛേത്രി. ഇന്ത്യന്‍ ജേഴ്‌സിയില്‍ 157 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഛേത്രി 95 ഗോളുകളാണ് നേടിയിട്ടുള്ളത്. 100 ഗോളുകളെന്ന നേട്ടത്തിലെത്താന്‍ അഞ്ച് ഗോളുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഛേത്രി പടിയിറങ്ങിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കായി ഛേത്രി കളിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ 2027 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിലായിരുന്നു ഛേത്രിയുടെ ഇന്ത്യക്കൊപ്പമുള്ള അവസാന മത്സരം. ആ മത്സരത്തില്‍ സിംഗപ്പൂരിനോട് ഇന്ത്യ 2-1ന് പരാജയപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Sunil Chethri talks about Indian football team upcoming matches against Brazil, Uruguay and Panama

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more