മുംബൈ: “ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ കളിയാക്കിക്കോളു, വിമര്‍ശിച്ചോളു പക്ഷേ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരണം,”” കഴിഞ്ഞ ദിവസം ചൈനീസ് തായ്പേയ്ക്കെതിരെ ഹാട്രിക്ക് നേടിയ ശേഷം ഇന്ത്യന്‍ ഫുട്ബാള്‍ നായകന്‍ സുനില്‍ ഛേത്രി പറഞ്ഞ വാക്കുകളാണിത്.
ചൈനീസ് തായ്പേയെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്ത മത്സരം കാണാന്‍ 2000ല്‍ താഴെ കാണികള്‍ മാത്രമാണ് മുംബൈയിലെ സ്റ്റേഡിയത്തിലെത്തിയിരുന്നത്. ഇതോടെയായിരുന്നു ഇന്ത്യന്‍ നായകന്‍ തങ്ങളെ പിന്തുണയ്ക്കണമെന്ന് രാജ്യത്തോട് പറഞ്ഞത്.
ഛേത്രിയുടെ അപേക്ഷ ചെവിക്കൊണ്ട ആരാധകര്‍ അതേ അറീന സ്റ്റേഡിയം നിറയ്ക്കുന്ന കാഴ്ചയായിരുന്നു ഇന്ന് കണ്ടത്. സ്റ്റേഡിയം നിറച്ച ആരാധകരുടെ മനസ് നിറയ്ക്കാതിരിക്കാന്‍ ഛേത്രിക്കുമായിരുന്നില്ല.
ഗോള്‍രഹിതമായ ആദ്യപകുതിയ്ക്കുശേഷം രണ്ടാം പകുതിയില്‍ പ്രതിഭയുടെ കൈയൊപ്പ് ചാര്‍ത്തിയ രണ്ട് ഗോളുകളുമായി ഛേത്രി കളം നിറഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് മറുപടിയില്ലാത്ത മൂന്നുഗോള്‍ ജയം.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ ഇന്ത്യ ഏഷ്യ കപ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. 71-ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ തുറന്നുകിട്ടിയ അവസരം വലയിലെത്തിച്ച് ജെജെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഛേത്രിയിലൂടെ ഇന്ത്യ വീണ്ടും കെനിയന്‍ വലകുലുക്കി.
ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പെയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച കെനിയയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണിത്.
രസംകൊല്ലിയായി ഇടയ്ക്ക് മഴയെത്തിയെങ്കിലും നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തിലെ ആരവങ്ങളില്‍ പന്ത് തട്ടിയ ഛേത്രിയും സംഘവും കാണികളെ ആവേശത്തിലാക്കി. ബോളിവുഡ് താരം അഭിഷേക് ബച്ചനും കളികാണാനെത്തിയിരുന്നു.
കളിയ്ക്ക് മുന്‍പ് ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസങ്ങളായ ബൈചുംഗ് ബൂട്ടിയയും ഐ.എം വിജയനും നൂറാംമത്സരത്തിനിറങ്ങിയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു.