മുംബൈ: രാജ്യസഭാ എം.പി സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര.
രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് സുനേത്ര പവാര്‍ അധികാരമേറ്റത്. ഗവര്‍ണര്‍ ആചാര്യ ദേവവ്രത സത്യവാചകം ചൊല്ലിക്കൊടുത്തു. അജിത് പവാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, കായികം എന്നീ വകുപ്പുകള്‍ സുനേത്ര കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പ് താത്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മേൽനോട്ടത്തിലായിരിക്കും.
ഇന്ന് (ശനി) രാവിലെ നടന്ന എന്‍.സി.പി യോഗത്തില്‍ സുനേത്രയെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തിരുന്നു.
നിലവില്‍ രാജ്യസഭാ എം.പിയായ സുനേത്ര, വരുന്ന ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്കോ നിയമസഭാ കൗണ്‍സിലിലേക്കോ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.
സുനേത്ര എന്‍.സി.പിയുടെ തലപ്പത്തേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവർ രാജിവെക്കുന്നതോടെ ഉണ്ടാകുന്ന രാജ്യസഭയിലെ ഒഴിവിലേക്ക് അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാര്‍ പരിഗണനയിലുള്ളതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ മരണപ്പെട്ടത്. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അപകടത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടരുകയാണ്.
2023ലാണ് അജിത് പവാറും അദ്ദേഹത്തെ പിന്തുണക്കുന്ന എന്‍.സി.പിയിലെ ഒരു വിഭാഗവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ ഭാഗമായത്.
ഇതോടെ എന്‍.സി.പി പിളരുകയും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവും അവിഭക്ത എന്‍.സി.പിയുടെ തലവനുമായ ശരദ് പവാറും അജിത് പവാറും രണ്ട് പക്ഷത്താകുകയും ചെയ്തു. ശരദ് പവാറിന്റെ സഹോദരന്‍ പുത്രന്‍ കൂടിയാണ് അജിത് പവാര്‍.
അതേസമയം മഹാരാഷ്ട്രയില്‍ ഇത്തവണ നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ഒരുമിച്ച് മത്സരിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ നാല് മാസമായി പാര്‍ട്ടി ലയനം സംബന്ധിച്ച് അജിത് പവറുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന് ശരദ് പവാര്‍ പറയുന്നു.
Content Highlight: Sunetra Pawar sworn in as Maharashtra Deputy Chief Minister