| Wednesday, 29th January 2025, 12:09 pm

മികച്ച നടനെക്കാള്‍ നല്ലൊരു മനസിന്റെ ഉടമയാണ് അദ്ദേഹം, പേരിന് വേണ്ടിയല്ലാതെ എത്രയോ പേരെ കൈയയച്ച് സഹായിച്ചിട്ടുണ്ട്: സുന്ദര്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കഥാപാത്രങ്ങളിലൂടെയും നാടന്‍പാട്ടുകളിലൂടെയും മലയാളികള്‍ക്കിടയില്‍ ജീവിക്കുന്ന നടനാണ് കലാഭവന്‍ മണി. മലയാളത്തിലെയും തമിഴിലെയും പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ കലാഭവന്‍ മണി സിനിമ പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഒരുപോലെ പ്രിയങ്കരനാണ്.

കലാഭവന്‍ മണിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്. താന്‍ ആദ്യമായി സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ കലാഭവന്‍ മണി അഭിനയിച്ചിരുന്നുവെന്നും ഒരു സാധാരക്കാരന്റെ വേഷം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ മണിക്ക് സാധിച്ചെന്നും സുന്ദര്‍ദാസ് പറയുന്നു.

മികച്ച നടന്‍ എന്നതിലുപരി നല്ലൊരു മനസിന് ഉടമയാണ് കലാഭവന്‍ മണിയെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ കുറെ ആളുകളെ മണി കൈയയച്ച് സഹായിച്ചിട്ടുണ്ടെന്നും സുന്ദര്‍ദാസ് പറഞ്ഞു. മണി എന്തിനാണ് പണം കൊടുത്ത് സഹായിക്കുന്നതെന്ന് സിനിമയിലുള്ള പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും കഷ്ടപ്പാട് കണ്ട് വളര്‍ന്നതുകൊണ്ടാണ് മണി സഹായിക്കുന്നതെന്ന് താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സല്ലാപത്തില്‍ ചെത്തുകാരന്റെ വേഷത്തിലാണ് മണി എത്തിയത്. ചെത്തുകാരന്റെ താളം, കള്ള് ചെത്താനായി കത്തി പിറകില്‍ തൂക്കിപ്പോകുന്ന രംഗം ഇവയൊക്കെ കൃത്യമായി അദ്ദേഹം അഭിനയിപ്പിച്ച് പ്രതിഫലിപ്പിച്ചു. സാധാരണക്കാരന്റെ വേഷം ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ മണിക്ക് സാധിച്ചിരുന്നു.

പിന്നീടിറങ്ങിയ മലയാള ചിത്രങ്ങളിലെല്ലാം മണി അവിഭാജ്യഘടകമായി മാറാന്‍ തുടങ്ങിയിരുന്നു. മികച്ച നടന്‍ എന്നതിലുപരി നല്ലൊരു മനസിന്റെ ഉടമ കൂടിയാണ് അദ്ദേഹം. കാരണം, പേരിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ എത്രയോ പേരെ കൈയയച്ച് സഹായിച്ചിട്ടുണ്ട്. സിനിമയിലുള്ള പലരും ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘ഇയാളെന്തിന് ഇങ്ങനെ പണം കൊടുത്തു സഹായിക്കുന്നുവെന്നൊക്കെ’. അത്തരക്കാരോട് ഞാന്‍ പറയാറുണ്ട്, ‘അവന്‍ കഷ്ടപ്പാട് കണ്ടുവന്നവനാണ്, അതുകൊണ്ട് സഹായിക്കുന്നു’, സുന്ദര്‍ദാസ് പറയുന്നു.

Content Highlight: Sundar Das talks about Kalabhavan Mani

We use cookies to give you the best possible experience. Learn more