| Friday, 7th November 2025, 8:27 pm

ഹിപ്‌ഹോപ് തമിഴയുടെ പാട്ടില്‍ ഡാന്‍സ് ചെയ്യുന്ന രജിനിയും കമലും, സുന്ദര്‍ സിയെ ട്രോളി തമിഴ് പേജുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകത്തെ ഏറെ ആവേശത്തിലാഴ്ത്തിയ അനൗണ്‍സ്‌മെന്റായിരുന്നു കമല്‍ ഹാസനും രജിനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റേത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആര് സംവിധാനം ചെയ്യും എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലോകേഷ് കനകരാജിന്റെ പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്.

എന്നാല്‍ കൂലി നിരാശപ്പെടുത്തിയതോടെ ലോകേഷിന് പകരം മറ്റൊരാള്‍ സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒടുവില്‍ ഈ മെഗാ പ്രൊജക്ടിന് നറുക്കുവീണത് സുന്ദര്‍. സിയ്ക്കായിരുന്നു. നടനും സംവിധായകനുമായ സുന്ദര്‍ ഇരുവര്‍ക്കുമൊപ്പം ഒന്നിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്നാല്‍ ഇതിന് പിന്നാലെ സുന്ദര്‍ സിയെ ട്രോളിക്കൊണ്ട് തമിഴ് സിനിമാപേജുകള്‍ രംഗത്തെത്തി.

അരന്മനൈ പോലെ ഹൊറര്‍ സിനിമകളും ഗ്ലാമര്‍ പാട്ടുകളും മാത്രം ചെയ്യുന്ന സുന്ദര്‍. സിയെ ഈ പ്രൊജക്ട് ഏല്പിച്ചതിനെയാണ് പലരും ട്രോളുന്നത്. സുന്ദര്‍ സിയുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ ഹിപ്‌ഹോപ് തമിഴയാകും ഈ പ്രൊജക്ടില്‍ സംഗീതം ചെയ്യുകയെന്നാണ് പല പോസ്റ്റുകളും. ഇരുവരുടെയും സിനിമകളിലെ ഗാനരംഗത്തില്‍ ഹിപ്‌ഹോപ് തമിഴയുടെ പാട്ടുകള്‍ മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോകള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

വേട്ടൈയനിലെ ‘മനസിലായോ’ എന്ന ഗാനത്തിലെ രംഗത്തില്‍ ഹിപ്‌ഹോപ് തമിഴയുടെ ‘പഴഗിക്കലാം’ എന്ന പാട്ട് മിക്‌സ് ചെയ്ത വീഡിയോയും രജിനിയു കമലും ഒന്നിച്ചുള്ള ഗാനരംഗത്തില്‍ കലകലപ്പിലെ പാട്ടും മിക്‌സ് ചെയ്തുള്ള വീഡിയോ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി. എന്നാല്‍ സുന്ദര്‍ സിയെ പിന്തുണച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

ഇപ്പോള്‍ വെറും ഗ്ലാമര്‍ പാട്ടുകളും അരന്മനൈ പോലുള്ള കോമഡി ഹൊറര്‍ സിനിമകളും ചെയ്യുന്ന സുന്ദര്‍ സിയെ മാത്രമേ പലര്‍ക്കും അറിയുള്ളൂവെന്നും പഴയ സുന്ദര്‍ സിയെ ആര്‍ക്കും അറിയില്ലെന്നുമാണ് ചില സിനിമാപേജുകള്‍ പോസ്റ്റ് ചെയ്യുന്നത്. കമല്‍ ഹാസന്റെയും രജിനികാന്തിന്റെയും കരിയറിലെ രണ്ട് ക്ലാസിക് സിനിമകള്‍ ഒരുക്കിയത് സുന്ദര്‍ സിയാണെന്ന് ഇക്കൂട്ടര്‍ ഓര്‍മപ്പെടുത്തി.

രജിനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ അരുണാചലവും കമല്‍ ഹാസന്റെ കരിയറിലെ ക്ലാസിക് സിനിമകളിലൊന്നായ അന്‍പേ ശിവവും ഒരുക്കിയത് സുന്ദര്‍ സിയാണെന്നും അയാളെ വെറുതെ എഴുതിത്തള്ളരുതെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പഴയ തീ ഇപ്പോഴും അയാളിലുണ്ടെന്നും കമലിനെയും രജിനിയെയും നായകന്മാരാക്കി ഗംഭീര സിനിമ ഒരുക്കുമെന്നുമാണ് ചില സിനിമാപ്രേമികള്‍ അഭിപ്രായം പങ്കുവെച്ചത്.

കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജയിലര്‍ 2വിന്റെ ഷൂട്ടിന് ശേഷം രജിനികാന്തും അന്‍പറിവുമായുള്ള ചിത്രത്തിന് ശേഷം കമല്‍ ഹാസനും ഈ പ്രൊജക്ടില്‍ ചേരും. 2027 പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചത്.

Content Highlight: Sundar C getting trollsafter the announcement of Rajni Kamal project

We use cookies to give you the best possible experience. Learn more